26 September Wednesday

സ്വീഡന് മടങ്ങാം; ഇംഗ്ലണ്ട് സെമിയില്‍, വിജയം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

വിജയം ആഘോഷിക്കുന്ന ഇംഗ്ലണ്ട് ടീം അംഗങ്ങള്‍

സമാര > ലോകകപ്പ് കിരീട സ്വപ്‌നവുമായെത്തിയ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അവരുടെ  സ്വപ്‌നങ്ങള്‍ ഇംഗ്ലണ്ട് തല്ലിക്കെടുത്തി. ഹാരി മഗ്വിര്‍ (30), ഡെലെ അലി (58) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. രണ്ടു ഗോളിന്റെ മികവില്‍ സെമി ഫൈനലിലെ മൂന്നാം ടീമായി മാറി ഇംഗ്ലണ്ട്. ഇന്ന് നടക്കുന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികളായിരിക്കും സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും ഹെഡറില്‍ നിന്നായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന്റെ 30 മിനുട്ടില്‍ ആണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്. ആഷ്ലി യങ് ഉയര്‍ത്തിവിട്ട പന്തില്‍ പ്രതിരോധതാരം ഹാരി മഗ്വിര്‍ ഹെഡ് ചെയ്ത് ഗോള്‍ നേടുകയായിരുന്നു. രണ്ടാം ഗോള്‍ കളിയുടെ 58ാം മിനുട്ടിലാണ് പിറന്നത്. ജെസ്സെ ലിന്‍ഗാര്‍ഡ് ഉയര്‍ത്തിവിട്ട പന്തില്‍ ഡെലെ അലി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ യുവനിരയ്‌ക്കെതിരെ മെച്ചപ്പെട്ട പ്രകടനം നടത്താനായെങ്കിലും പോസ്റ്റിനു മുന്നില്‍ ലക്ഷ്യം മറന്നതാണ് സ്വീഡനു തിരിച്ചടിയായത്.  സ്വീഡന്റെ ഗോളെന്നുറപ്പിച്ച രണ്ടിലേറെ ശ്രമങ്ങള്‍ തടുത്തിട്ട ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡും മികവു കാട്ടി.

1990നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയില്‍ കടക്കുന്നത്.  അരനൂറ്റാണ്ടായി താലോലിക്കുന്ന കിരീടമെന്ന സ്വപ്‌നത്തിനരികിലെത്താന്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രം.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top