24 September Monday

കോണ്ടിനെന്റൽ കപ്പ് അത്‌ലറ്റിക്‌സ്‌: ചിത്ര, അനസ്, ജിൻസൺ ഏഷ്യ ‐ പസഫിക് ടീമിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018



ന്യൂഡൽഹി

രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ (ഐഎഎഎഫ്) കോണ്ടിനെന്റൽ കപ്പ് അത്ലറ്റിക്സിനുള്ള ഏഷ്യ ‐ പസഫിക് ടീമിൽ മൂന്നു മലയാളി താരങ്ങൾ ഉൾപ്പെടെ ഏഴ് ഇന്ത്യൻ അത്ലീറ്റുകൾ ഇടംനേടി. പി യു ചിത്ര (1500 മീറ്റർ), മുഹമ്മദ് അനസ് (400 മീറ്റർ), ജിൻസൺ ജോൺസൺ (800 മീറ്റർ) എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മലയാളി താരങ്ങൾ. നീരജ് ചോപ്ര (ജാവലിൻ ത്രോ), അർപിന്ദർ സിങ് (ട്രിപ്പിൾ ജമ്പ്), ഹിമാ ദാസ് (400 മീറ്റർ), സുധ സിങ് (3000 മീറ്റർ സ്റ്റീപ്പിൾചേസ്) എന്നിവരാണ് മറ്റ് അത്ലീറ്റുകൾ.

ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷൻ (എഎഎ) ആണ് തെരഞ്ഞെടുത്തത്. ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ സെപ്തംബർ എട്ട്, ഒമ്പത് തീയതികളിലാണ് മീറ്റ്.നിലവിലെ ഐഎഎഎഫ് റാങ്കിങ് പട്ടിക അനുസരിച്ചാണ് ടീം തെരഞ്ഞെടുപ്പ്. അടുത്ത ദിവസങ്ങൾക്കുള്ളിൽ മറ്റ് മികച്ച പ്രകടനങ്ങളുണ്ടായാൽ ഫലം മാറുമെന്ന് എഎഎ സെക്രട്ടറി മൗറീസെ ആർ നിക്കോളാസ് പറഞ്ഞു.

നീരജ് പരിശീലകൻ ഉവെ ഹോണിന് കീഴിൽ ഫിൻലൻഡിലാണ് പരിശീലനം. അനസും ഹിമയും ഏഷ്യൻ ഗെയിംസ് തയ്യാറെടുപ്പിനായി ചെക്ക് റിപ്പബ്ലിക്കിലുണ്ട്. ചിത്രയുൾപ്പെടയുള്ള അത്ലീറ്റുകൾ കോച്ച് ഗലീന ബുകാറിനയ്ക്ക് കീഴിലാണ്. ജിൻസണും സുധ സിങ്ങും ഭൂട്ടാനിൽ പരിശീലനം നടത്തുന്നു.2010ലാണ് കോണ്ടിനെന്റൽ കപ്പ് ആരംഭിച്ചത്. ഓരോ നാല് വർഷം കൂടുംതോറും നടത്തപ്പെടുന്നു. ആഫ്രിക്ക, അമേരിക്ക, ഏഷ്യൻ  പസഫിക്ക്, യൂറോപ് എന്നീ മേഖലകളിൽനിന്നുള്ള മികച്ച അത്ലീറ്റുകളാണ് മത്സരിക്കുക.
 

പ്രധാന വാർത്തകൾ
Top