Top
21
Tuesday, November 2017
About UsE-Paper

'സേവനം യുകെ'യുടെ ശ്രീനാരായണ ഗുരു ജന്മദിനാഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കാകും

Saturday Sep 9, 2017
വെബ് ഡെസ്‌ക്‌

യുകെ > 'സേവനം യു കെ'യുടെ ശ്രീനാരായണ ഗുരു ജന്മദിനാഘോഷങ്ങള്‍ക്ക് കൊടിയേറുന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. ചതയ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഡോ. എ. സമ്പത്ത് എം പിക്ക് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ സംഘാടകര്‍ സ്വീകരണം നല്‍കി. സേവനം യു കെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, അനില്‍ സി ആര്‍ , ദിലീപ് വാസുദേവന്‍ , വിശാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എംപിയെ സ്വീകരിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം മഹത്തായ രീതിയില്‍ കൊണ്ടാടാനാണ് സേവനം യു കെ ഒരുങ്ങുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഞായറാഴ്ച വൂസ്റ്ററിലാണ്‌ ആഘോഷങ്ങള്‍ക്ക് കൊടികയറുന്നത്. സേവനം യു കെയുടെ ചതയ മഹോത്സവത്തിനും, ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠ കനക ജൂബിലിയും ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. മഞ്ജു ഷാഹുല്‍ ഹമീദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. എംപി ഡോ. എ. സമ്പത്താണ് അധ്യക്ഷന്‍. രാവിലെ 9.30ന് പതാക ഉയര്‍ത്തി സമാരംഭം കുറിയ്ക്കുന്ന ആഘോഷപരിപാടികളില്‍ ഗുരുപ്രസാദ് സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരുപൂജയും, പ്രാര്‍ത്ഥനയും നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ചതയ സദ്യയും, 1.30ന് വര്‍ണ്ണോജ്വലമായ ഘോഷയാത്രയും നടക്കും. 2 മണിക്ക് സമ്മേളനം ആരംഭിക്കും.

 


ഇതിന് ശേഷം കലാപരിപാടികളോടെയാണ് ചടങ്ങ് സമാപിക്കുക. വൂസ്റ്ററിലെ കട്ട്നാള്‍ ഗ്രീന്‍ ആന്റ് ഡിസ്ട്രിക്ട് മെമ്മോറിയല്‍ ഹാളിലാണ് സെപ്റ്റംബര്‍ 10ന് രാവിലെ 9 മണിക്ക് ചതയ മഹോത്സവത്തിന് തുടക്കമാകുക. ശിവഗിരി ഗുരുദേവ മഹാസമാധി പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങള്‍ക്കും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തിന് ശേഷം വിവിധ പരിപാടികളും അരങ്ങേറും. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിലും, ഓരോ കുടുംബങ്ങളുടെ ഒത്തൊരുമയ്ക്കും, സന്തോഷത്തിനും എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും സേവനം യു കെ ചതയമഹോത്സവം വിളംബരം ചെയ്യും.

ഒരുമയുടേയും സാഹോദര്യത്തിന്റെയും ആശയമാണ് ഗുരുദേവന്റെ 163 ാം ജന്മദിനത്തില്‍ സേവനം യുകെ മുന്നോട്ട് വെയ്ക്കുന്നത്. ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യു കെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, സ്വാഗത സംഘം കണ്‍വീനര്‍ അനില്‍ ശശിധരന്‍ എന്നിവര്‍ അറിയിച്ചു. യു.കെ യിലെ പ്രമുഖ മലയാളം ചാനലായ ഗര്‍ഷോം ടി വി പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Related News

കൂടുതൽ വാർത്തകൾ »