14 November Wednesday

അംഗപരിമിതിയെ വെല്ലുവിളിച്ച കണ്‍മണിക്ക് റിയാദ് കേളിയുടെ പ്രത്യേക പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2017

കേളി കലാസാംസ്‌കാരിക വേദിയുടെ പ്രത്യേക പുരസ്‌കാരം മന്ത്രി ജി സുധാകരന്‍ കണ്‍മണിക്ക് നല്‍കുന്നു

റിയാദ് > അംഗപരിമിതിയെ വെല്ലുവിളിച്ച് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കണ്‍മണിക്ക് റിയാദ് കേളിയുടെ പ്രത്യേക പുരസ്‌കാരം. അമ്പലപ്പുഴയില്‍ മന്ത്രി ജി സുധാകാരനാണ് ഈ വര്‍ഷത്തെ കേളി കലാസാംസ്‌കാരിക വേദിയുടെ ദക്ഷിണമേഖലാ വിദ്യാഭ്യാസ മേന്മാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് കണ്‍മണിക്ക് പ്രത്യേക  പുരസ്‌കാരം നല്‍കിയത്.

എസ്എസ്എല്‍സി പരീക്ഷയില്‍ ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും  വേണ്ടെന്നുവച്ച് കാല്‍വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച് പത്താംതരത്തില്‍  9 എ പ്ലസ് നേടിയ കണ്‍മണി  പാഠ്യേതര വിഷയങ്ങളിലും ഏറെ മുന്നിലാണ്. ഇതെല്ലാം പരിഗണിച്ചാണ് കേളിയുടെ പ്രത്യേക പുരസ്‌കാരം കണ്‍മണിയെ തേടിയെത്തിയത്. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കണ്‍മണിക്ക് 'ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ'യും, 'ഹെലന്‍ കെല്ലറുടെ അതിസാഹസികത'യും ഇഷ്ടപ്പെട്ടതാണ്. കാലുകൊണ്ട് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്നതും വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതും ഈ മിടുക്കിക്ക് അനായാസം കഴിയും. ചിത്രരചനയിലും ഇവള്‍ മുന്നിലാണ്. ജലഛായം, എണ്ണഛായം എന്നിവയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്‌കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തുടര്‍ച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡാടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുമുണ്ട്.  തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റേയും രേഖയുടേയും മകളാണ്.

കപ്പക്കട പികെസി സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കണ്‍മണിക്ക് നല്‍കിയ പ്രത്യേക പുരസ്‌കാരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള ഏഴു വിദ്യാര്‍ത്ഥികളെയും ആദരിച്ചു. കേളി പ്രസിഡന്റ് ദയാനന്ദന്‍ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതിയംഗം മുഹമ്മദ്കുഞ്ഞി വള്ളിക്കുന്നം, നസീം രക്ഷാധികാരി കണ്‍വീനര്‍ ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.




 

പ്രധാന വാർത്തകൾ
Top