26 September Wednesday

കുവൈറ്റിലെ നഴ്‌സിങ്‌ റിക്രൂട്ട്‌മന്റ്‌ തട്ടിപ്പിൽ ഇന്ത്യൻ എംബസി ഇടപെടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018



കുവൈറ്റ്‌ സിറ്റി: നഴ്സിങ്‌ റിക്രൂട്ട്‌മന്റ്‌ തട്ടിപ്പിന്നിരയായവരുടെ പ്രശ്നത്തിൽ‌ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇടപെടുന്നു. 201516 വർഷങ്ങളിൽ വിവിധ ബാച്ചുകളിലായി കുവൈത്ത്‌ ആരോഗ്യമന്ത്രാലയം, നാട്ടിലെ വിവിധ ഏജൻസികൾ മുഖേനെ  റിക്രൂട്ട്‌ ചെയ്ത്‌ കുവൈത്തിൽ എത്തി ജോലിയില്ലാതെ കഴിയുന്നവരുടെ പ്രശ്നത്തിലാണ് എംബസി ഇടപെടുന്നത്.

 കൊച്ചി, ദില്ലി , മുംബൈ , ബംഗളുരു , എന്നീ കേന്ദ്രങ്ങളിൽ നിന്നായി 2015 , 2016 കാലങ്ങളിൽ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം നിരവധി നർസ്സുമാരെ റിക്രൂട്‌ ചെയ്ത്‌ കുവൈത്തിൽ എത്തിച്ചിരുന്നു.എന്നാൽ  നിയമനത്തിൽ  ഏജന്റുമാർ വൻ കോഴ വാങ്ങിയിട്ടുണ്ടെന്ന  ആരോപണത്തെ തുടർന്നും നിയമനത്തിന്‌ കുവൈറ്റ്‌ സർക്കാർ ബജറ്റിൽ തസ്തിക ഒരുക്കാതിരുന്നതും ഇവരുടെ നിയമനം മന്ത്രാലയം റദ്ധു ചെയ്യുന്നതിൽ കലാശിക്കുകയായിരുന്നു.

ഇതോടെ  നർസ്സുമാർ ജോലിയോ ശംബളവും ഇല്ലാതെ രണ്ടു വർഷമായി   കുവൈത്തിൽ കുടുങ്ങി കഴിയുന്നത്‌. ഇങ്ങനെയുള്ളവരുടെ പേരു വിവരങ്ങളാണ്  എംബസി  ഇപ്പോൾ ശേഖരിക്കാൻ ഒരുങ്ങുന്നത്‌. നിലവിൽ  58 പേർ മാത്രമാണ്   എംബസിയിൽ പരാതി നൽകിയിരിക്കുന്നത്‌ .നാട്ടിൽ പണം നൽകിയ ഏജന്റുമാരുടെ വാക്കുകൾ അനുസരിച്ചാണു പലരും ഇപ്പോഴും പ്രവർത്തിക്കുന്നത്‌. ഇതിനാലാണു  എംബസിയിൽ പരാതി നൽകാൻ ഇവർ വിമുഖത കാട്ടുന്നതെന്നും കരുതുന്നു.

ഇന്ത്യൻ സ്ഥാനപതി കെ ജീവ സാഗർ കുവൈത്ത്‌ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹുമായി കഴിഞ്ഞ ദിവസം ഇത്‌ സംബന്ധിച്ച്‌ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എംബസി ഇപ്പോൾ കൂടുതൽ  പേരുടെ  വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുന്നത്‌.

ഇത്തരത്തിൽ കുടുങ്ങി കഴിയുന്ന മുഴുവൻ നർസ്സുമാരും എംബസിയിലെ തൊഴിൽ വിഭാഗത്തിൽ ഉടൻ തന്നെ പേരു വിവരങ്ങൾ നൽകണമെന്നും എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്‌.ആരോഗ്യ മന്ത്രാലയവുമായുള്ള തുടർ ചർച്ചയിൽ മുഴുവൻ പേരുടെയും പട്ടിക സമർപ്പിക്കാൻ സാധിച്ചാൽ പ്രശ്ന പരിഹാരത്തിനു വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്‌.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top