Top
26
Wednesday, July 2017
About UsE-Paper

ഐഎസ്‌സി കബഡി ടൂര്‍ണ്ണമെന്റ് ബ്ളാക്ക് ആന്റ് വൈറ്റ് കല്ലൂരാവി ജേതാക്കള്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

അബുദാബി > ഇന്ത്യാ സോഷ്യല്‍ സെന്ററിന്റേയും അബുദാബി ശക്തി തിയറ്റേഴ്സിന്റേയും സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറിയ യു.എ.ഇ.തല കബഡി ടൂര്‍ണ്ണമെന്റില്‍ ബ്ളാക്ക് ആന്റ് വൈറ്റ് കല്ലൂരാവി ജേതാക്കളായി.

യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളില്‍ നിന്നും പന്ത്രണ്ട് ടീമുകള്‍ അണിനിരന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരുപത്തൊന്നിനെതിരെ മുപ്പത് പോയിന്റോട് കൂടി ടൌണ്‍ ടീം കല്ലൂരാവിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ബ്ളാക്ക് ആന്റ് വൈറ്റ് കല്ലൂരാവി വെന്നിക്കൊടി പാറിച്ചത്.
സെമി ഫൈനല്‍ മത്സരത്തില്‍ 31 നെതിരെ 32 പോയിന്റ് നേടിക്കൊണ്ട് ഉജ്ജാര്‍ മംഗലാപുരത്തെ പരാജയപ്പെടുത്തി ബ്ളാക്ക് ആന്റ് വൈറ്റ് കല്ലൂരാവിയും 9 നെതിരെ 30 പോയിന്റ് നേടിക്കൊണ്ട് റെഡ് സ്റ്റാര്‍ ദുബൈയെ പരാജയപ്പെടുത്തി ടൌണ്‍ ടീം കല്ലൂരാവിയും ഫൈനലില്‍ പ്രവേശിച്ചത്. 

കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍ക്ക് പുറമെ യു.എ.ഇ.യിലേയും പ്രമുഖ താരങ്ങള്‍ അണിനിരന്ന അത്യന്തം വാശിയേറിയ കബഡി മത്സരത്തില്‍ ടൌണ്‍ ടീം കല്ലൂരാവിയിലെ റഹീമിനെ ബെസ്റ്റ് റൈഡറായും ബ്ളാക്ക് ആന്റ് വൈറ്റ് കല്ലൂരാവിയിലെ ശരതിനെ ബെസ്റ്റ് ആള്‍ റൌണ്ടറായും അതേ ടീമിലെ തന്നെ അഷറഫിനെ ബെസ്റ്റ് ക്യാച്ചറായും തെരഞ്ഞെടുത്തു.

വൈകീട്ട് 3 മണിക്ക് അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ ഉദ്ഘാടനം ചെയ്ത ടൂര്‍ണ്ണമെന്റ് രാത്രി പന്ത്രണ്ട് മണിവരെ നീണ്ടുനിന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബ്രിജേഷ് തോമസ് സ്വാഗതം പറഞ്ഞു.

ഇരുസംഘടനകളുടെ കായിക വിഭാഗം സെക്രട്ടറിമാരായ ഫ്രെഡി ജോസഫ് ഫെര്‍ണാണ്ടസ്, രാജന്‍ കാഞ്ഞങ്ങാട്, ഐ. എസ്. സി. ട്രഷറര്‍ റഫീഖ് പി. കെ, ടി. പി. അജിത് കുമാര്‍, തരുണ്‍, രാജേഷ് നായര്‍, ദീപക് കുമാര്‍, ടി. അബ്ദുല്‍ വഹാബ്, സഞ്ജയ് നായര്‍, യൂനുസ്, സിയാദ് കമറുദ്ദീന്‍, അനീബ്, സഫറുള്ള പാലപ്പെട്ടി, നൌഷാദ് യൂസുഫ്, റഫീഖ് കൊല്ലിയത്ത്, ജയേഷ് നിലമ്പൂര്‍, നാസര്‍ വയനാട്, മനോരഞ്ജന്‍, റഫീഖ് സക്കറിയ എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.
ഫോട്ടൊ:
ഐ.എസ്.സി. ശക്തി ടൂര്‍ണ്ണമെന്റിന്റെ വിജയികളായ ബ്ളാക്ക് ആന്റ് വൈറ്റ് കല്ലൂരാവിയുടെ പ്രവര്‍ത്തകര്‍ ട്രോഫിയുമായി സംഘാടകര്‍ക്കൊപ്പം