19 December Wednesday

പർദ ഇസ്ലാമിൽ നിർബന്ധ വസ്ത്രമല്ല; സ്ത്രീകളെ പർദ ധരിക്കാൻ നിർബന്ധിക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

റിയാദ് > സൗദി അറേബ്യയിൽ  പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ പർദ്ദ ധരിക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് റോയൽ കോർട്ട് ഉപദേഷ്‌ടാവ്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പർദ്ദ ധരിക്കണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന് ഉന്നത പണ്ഡിതസഭാ അംഗമായ ഷെയ്ഖ് അബ്ദുല്ല അൽ മുത്‌ലഖ്് വ്യക്തമാക്കി. മുസ്ലിംരാജ്യങ്ങളിലെ 90 ശതമാനം സ്ത്രീകളും ഇത്തരത്തിൽ പർദ്ദ ധരിക്കുന്നവരല്ല. അതിനാൽ, ആരെയും ഇതിന് നിർബന്ധിക്കരുതെന്നും  അദ്ദേഹം ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീകൾ പർദ്ദ മാത്രമേ ധരിക്കാൻ പാടുള്ളൂവെന്ന് ശഠിക്കരുത്. മാന്യമായ ഏത് വസ്ത്രവും നിഷിദ്ധമല്ല. ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് ശരീഅത്ത് നിർദേശമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തിന് ഏറെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ.നിലവിലെ നിയമത്തിൽ  മാറ്റംവരുത്തുമോ എന്നത് അറിയില്ലെങ്കിലും ഇതാദ്യമാണ് ഉയർന്ന പണ്ഡിതൻ ഇത്തരമൊരു തുറന്ന പ്രതികരണം നടത്തുന്നത്.

സ്ത്രീപക്ഷത്തുനിന്നുകൊണ്ട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ചില പരിഷ്‌കാരങ്ങൾമാത്രമാണ് സൗദിയിൽ നടപ്പായത്. കഴിഞ്ഞമാസമാണ് ഫുട്‌ബോൾ കളി കാണാൻ സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ  പ്രവേശനാനുമതി നൽകിയത്. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയതും മാസങ്ങൾക്കുമുമ്പാണ്. റിയാദിലെ കോടതികളിൽ സ്ത്രീകൾ മുഖംമറച്ചാണ് എത്തിയിരുന്നത്. മുഖംമറയ്ക്കാതെ എത്തണമെന്ന് അടുത്തിടെ കോടതി നിർദേശം നൽകി.

പുറത്തുപോകണമെങ്കിലോ പഠിക്കണമെങ്കിലോ മറ്റെന്തെങ്കെിലും പ്രവൃത്തിയിൽ സ്വതന്ത്രമായി ഏർപ്പെടണമെങ്കിലോ കുടുംബത്തിലെ പുരുഷന്മാരുടെ അനുമതി വാങ്ങണമെന്നതടക്കം സ്ത്രീകൾ നേരിടുന്ന വിലക്കുകൾ ഇനിയും ഏറെയുണ്ട് സൗദിയിൽ.
അതേസമയം, പണ്ഡിതന്റെ പ്രസ്‌താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top