20 September Thursday

ഖത്തര്‍ പ്രതിസന്ധിക്ക് ഒരു വയസ്

അനസ് യാസിന്‍Updated: Monday Jun 4, 2018

മനമ > ഖത്തര്‍ നയതന്ത്ര പ്രതിസന്ധി ചൊവ്വാ‌ഴ്‌ച ഒരു വര്‍ഷം പൂര്‍ത്തിയാകവെ പരിഹാര ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. പരിഹാരത്തിനായി ചതുര്‍ രാഷ്ട്ര സഖ്യം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോടും കുവൈത്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളോടും ഖത്തര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കുവൈത്ത് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഭീകരര്‍ക്ക് പിന്‍തുണ നല്‍കുന്നതായും മേഖലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപിച്ച് ഖത്തറുമായി സൗദി, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് എന്നീ അയല്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. കര, കടല്‍, വ്യോമ ബന്ധം ഇതോടെ നിലച്ചു. ഗള്‍ഫ് മേഖലിയില്‍ നിന്നും ഒറ്റപ്പെട്ട ഖത്തര്‍ ഇറാനുമായും തുര്‍ക്കിയുമായും ബന്ധം ശക്തമാക്കിയാണ് പ്രതികരിച്ചത്. ഇതുവഴി ഭക്ഷ്യ സാധന ലഭ്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. 2014ലെ സൈനിക കരാറിന്റെ മറവില്‍ തുര്‍ക്കി ദോഹയില്‍ സൈനിക താവളം സ്ഥാപിക്കുകയും ചെയ്‌തു. ചതുര്‍ രാഷ്‌ട്ര സഖ്യം ഉപരോധം പിന്‍വലിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചങ്കിലും ഖത്തര്‍ അത് അംഗീകരിച്ചില്ല.

ഇറാനുമായുള്ള ബന്ധം കുറയ്‌‌ക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക, മുസ്ലിം ബ്രദര്‍ഹുഡ്, ഹിസ്ബുല്ല, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായ്ദ, സിറിയായിലെ അല്‍ ഖായ്ദാ ബ്രാഞ്ചായ ജബാത്ത് ഫത്തേ അല്‍ ഷാം എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധം വിഛേദിക്കുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. ഇത് അംഗീകരിക്കാന്‍ സമയ പരിധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍, ഉപാധികളോടെയുള്ള ചര്‍ച്ചക്കില്ലെന്ന നിലപാടിലായിരുന്നു ഖത്തര്‍. തുടര്‍ന്ന് കുവൈത്ത നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കത്തിന്റെ കാര്‍മേഘം വിട്ടൊഴിഞ്ഞില്ല. അമേരിക്കയും മധ്യസ്ഥ ശ്രമമവുമായുണ്ട്.

തര്‍ക്ക പരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ സെപ്തംബറില്‍ നടക്കുന്ന ഗള്‍ഫ്അമേരിക്കന്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്നും കുവൈത്ത് ഉപ വിദേശ മന്ത്രി ഖാലിദ് അല്‍ ജറാല്ലാഹ് അറിയിച്ചു.

അതേസമയം, അതിര്‍ത്തിയില്‍ വന്‍കിട കനാല്‍ നിര്‍മ്മിക്കാനുള്ള സൗദി പദ്ധതിയോട് ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖത്തറിന്റെ ഏക കര അതിര്‍ത്തിയാണ് സൗദിയുമായുള്ളത്. ഇവിടെ കൂറ്റന്‍ കനാല്‍ വന്നാല്‍ രാജ്യം ദ്വീപായി മാറുമെന്ന ആശങ്ക ഖത്തറിനുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി നിര്‍മ്മാണത്തിന് സൗദി കരാര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കന്‍ ആയുധ ഇടപാടിനു പിന്നാലെ റഷ്യയുമായുള്ള വ്യോമ പ്രതിരോധ മിസൈല്‍ ഇടപാടുമായി മുന്നോട്ടു പോകാനുള്ള ഖത്തര്‍ തീരുമാനം മേഖലയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top