17 November Saturday

മലയാള നാടകവേദി പ്രവാസലോകത്തു സജീവം: തോപ്പില്‍ സോമന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2017

കുവൈറ്റ് സിറ്റി: ഒരു ജനകീയ കലാരൂപം എന്ന നിലയില്‍ നാടകത്തിനുള്ള സ്ഥാനം പരിരക്ഷിക്കേണ്ട ഉത്തരവാദിത്വം പുതിയകാലത്തെ നാടകപ്രവര്‍ത്തകര്‍ക്കുണ്ടെന്നും സവിശേഷവും സജീവവുമായ ഒരു മലയാള നാടകവേദി പ്രവാസലോകത്തു നിലനില്‍ക്കുന്നുവെന്നും പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ശ്രീ തോപ്പില്‍ സോമന്‍ അഭിപ്രായപ്പെട്ടു.

'ജീവിതഗന്ധിയും കാല്‍പ്പനിക സൗന്ദര്യം തുളുമ്പി നിന്നിരുന്നതുമായ ഒരു നാടകകല നമുക്കുണ്ടായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കെട്ടുകാഴ്ചകളുടെ അരങ്ങായി നാടകം ക്രമേണ മാറുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്,' ശ്രീ സോമന്‍ പറഞ്ഞു.

കേരള ആര്‍ട്സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈറ്റ്, അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനാ കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ 'തോപ്പില്‍ ഭാസി നാടകോത്സവം 2017' ല്‍ പങ്കെടുക്കാന്‍ കുവൈറ്റിലെത്തിയതായിരുന്നു ശ്രീ സോമന്‍. നാടകകലയ്ക്കു പുതിയ ഊര്‍ജം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ അക്കാദമി തലത്തിലും മറ്റും  നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയുന്നില്ല. പ്രവാസലോകത്ത് നാടകപ്രവര്‍ത്തനം കൂടുതല്‍ സജീവവമായി നടക്കുന്നു എന്നതാണ് തന്റ അനുഭവം, ശ്രീ സോമന്‍ ചൂണ്ടിക്കാട്ടി.

 സെപ്റ്റംബര്‍ 29ന് വൈകുന്നേരം 4.30ന് ഖെയ്ത്താന്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ചുനടക്കുന്ന നാടകോത്സവത്തില്‍ കുവൈറ്റിലെ നാലു നാടകസമിതികള്‍ പങ്കെടുക്കുമെന്ന് 'തോപ്പില്‍ ഭാസി നാടകോത്സവം 2017' ജനറല്‍ കണ്‍വീനര്‍ സജീവ് കെ പീറ്റര്‍ അറിയിച്ചു. അയനം ഓപ്പണ്‍ ഫോറം അവതരിപ്പിക്കുന്ന 'ഒരു സദാചാരകാല പ്രണയം', മറീന മൂവിംഗ് ആര്‍ട്സ് അവതരിപ്പിക്കുന്ന 'നാമെന്തു ചെയ്യണം', സ്‌നേഹാലയം ഒരുക്കുന്ന 'വരൂ നമുക്കു നാടകം കളിക്കാം', കാഴ്ച കുവൈറ്റിന്റ 'കാഴ്ച' എന്നീ നാലു നാടകങ്ങളാണ് നാടകോത്സവത്തില്‍ മാറ്റുരക്കുന്നത്.

പ്രസിഡണ്ട് കുമാര്‍ തൃത്താല, ജനറല്‍ സെക്രട്ടറി ജിജു കാലായില്‍, കലാശ്രീ ബാബു ചാക്കോള, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകന്‍, മികച്ച രചന, മികച്ച രണ്ടാമത്തെ രചന, മികച്ച നടന്‍, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി പുരസ്‌കാരം, മികച്ച രണ്ടാമത്തെ നടന്‍, മികച്ച രണ്ടാമത്തെ നടി എന്നീ പുരസ്‌കാരങ്ങള്‍ക്കു പുറമെ ക്യാഷ് അവാര്‍ഡുകളും ഉണ്ടായിരിക്കുന്നതാണ് എന്ന് കാനാ കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണെന്നും, പ്രഥമ മത്സരമെന്ന നിലയില്‍, റാഫിള്‍ ഡ്രോയിലൂടെ പ്രേക്ഷകരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രധാന വാർത്തകൾ
Top