Top
20
Monday, November 2017
About UsE-Paper

യു കെ കേരള പൂരം വള്ളംകളി ജൂണ്‍ 30ന്; ലോഗോ പ്രകാശനം ചെയ്തു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍> കഴിഞ്ഞ ജൂലൈയില്‍ യൂറോപ്പിലാദ്യമായി നടത്തിയ വള്ളംകളി ആവേശമായതോടെ  2018ലും ഗംഭീരമായി നടത്തുവാന്‍ തീരുമാനമായി.  എല്ലാ വിഭാഗത്തില്‍പ്പെട്ട മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ വള്ളംകളി മത്സരത്തിന്റെയും കാര്‍ണിവലിന്റെയും തുടര്‍ച്ചയെന്ന നിലയിലാണ് അടുത്ത വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്. 2018 ജൂണ്‍ 30ന് വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും അരങ്ങേറുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. ലണ്ടനിലെ ടാജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത വര്‍ഷത്തെ പരിപാടിയുടെ ലോഗോ അദ്ദേഹം കേരളാ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു ഐഎഎസ് നു നല്‍കി പ്രകാശനം ചെയ്തു. 'കേരളാ പൂരം' എന്ന പേരിലാവും അടുത്ത വര്‍ഷം മുതല്‍ വള്ളംകളിയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുക.  കേരളാ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് സന്നിഹിതനായിരുന്നു.

യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ടീം മാനേജ്മെന്റ് കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, നഴ്സസ് ഫോറം അഡ്വൈസര്‍ എബ്രാഹം ജോസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് വള്ളംകളിക്ക് ചുക്കാന്‍ പിടിക്കുന്നത്.  കേരളാ ടൂറിസത്തിന്റെ എല്ലാ വിധ പിന്തുണയും യുക്മയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

2017 ജൂലൈയില്‍  സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കിയിരുന്നു. യു.കെ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ ഒരു സംരംഭം എന്ന നിലയിലാണ് ഈ  പരിപാടി ശ്രദ്ധേയമായത്. സംസ്ഥാനത്തെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരിലൊരാളായ ഡോ. വി വേണു (ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) പ്രത്യേക താത്പര്യമെടുക്കുകയും പരിപാടിയുടെ ഓരോ ഘട്ടത്തിലും വിജയകരമായ നടത്തിപ്പിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം അദ്ദേഹം നല്‍കുകയും ചെയ്തു.       

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും,  കലാകായിക പാരമ്പര്യവും, ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്.