12 December Wednesday

ഇറാന്‍ അണവായുധം വികസിപ്പിച്ചാല്‍ നോക്കിയിരിക്കില്ല: സൗദി

അനസ് യാസിന്‍Updated: Sunday May 13, 2018

മനാമ> ഇറാന്‍ ആണവായുധ പദ്ധതി പുനരാരംഭിച്ചാല്‍ തങ്ങളും ആണവായുധം വികസിപ്പിക്കുമെന്ന് സൗദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍. ഇറാന്‍ ആണവ ശേഷി നേടിയാല്‍ ഇതേ കാര്യം ചെയ്യാന്‍ സാധ്യമായതെല്ലാം സൗദിയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. യെമനിലെ ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കി സൗദി അറേബ്യക്കെതിരെ ഇറാന്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണ്. ഇത് അനുവദിക്കാനാവില്ലെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ ആണവായുധ പദ്ധതി ഇറാന്‍ പുനരാരംഭിച്ചാല്‍ സൗദി അറേബ്യയും അണുബോംബ് നിര്‍മിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിദേശ മന്ത്രി.  ഇറാന്‍ ആണവ കരാറില്‍നിന്ന് പിന്‍വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്.

നിലവിലെ കരാര്‍ ഇറാന്റെ മിസൈല്‍ പദ്ധതി കണക്കിലെടുക്കുന്നില്ല. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ യമനില ഹൂതി മിലിഷകള്‍ക്ക് നല്‍കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട യുഎന്‍ തീരുമാനങ്ങള്‍ ഇറാന്‍ ലംഘിക്കുകയാണ്. ഇക്കാര്യത്തില്‍ ഇറാനോട് കണക്കു ചോദിക്കണം. ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സൗദി അറേബ്യ ശ്രമിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ പെട്രോളിയം ലഭ്യതയിലുണ്ടാകുന്ന കുറവു നികത്താന്‍ സൗദി അറേബ്യ തയാറാണെന്ന് ഒപെക് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിദിനം 1.2 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിക്കാന്‍ സൗദി അറേബ്യക്ക് ശേഷിയുണ്ട്. ആണവ കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇറാന്റെ എണ്ണയുല്‍പാദനത്തെ  ബാധിക്കുന്നുണ്ടോയെന്ന് പഠിച്ച ശേഷം മാത്രമായിരിക്കും എണ്ണയുല്‍പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ആഗോള വിപണിയില്‍ എണ്ണ വിലയിടിവു തടയാന്‍ ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉല്‍പാദക രാജ്യങ്ങളും ചേര്‍ന്ന് പുതിയ സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ അഞ്ചാമത്തെ എണ്ണ കയറ്റുമതി രാജ്യമാണ് ഇറാന്‍. ഇറാനെതിരെ സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുന്നത് എണ്ണ വിപണിയുടെ സന്തുലനത്തെ ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ആശങ്കപ്പെടുന്നു.

വെള്ളിയാഴ്ച സംസ്‌കൃത എണ്ണ വില ബാരലിന് 77.47 ഡോളറിലെത്തി. 2014 നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top