18 July Wednesday

കത്വവ -ഉന്നാവ സംഭവങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഐ എം സി സി

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

കുവൈറ്റ് സിറ്റി > കത്വവ, ഉന്നാവ സംഭവങ്ങളില്‍ ഐ എംസി കുവൈറ്റ് ഭാരവാഹികള്‍ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു . മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി രാജ്യത്തിന്റെ വിവിധ കോണുകളില്‍ അരങ്ങേറുന്നെതെന്നും കത്വവ, ഉന്നാവ സംഭവങ്ങളിലെ ഇരകള്‍ക്ക് നീതി ഉറപ്പ് വരുത്തണമെന്നും പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. വെറും 8 വയസ്സ് മാത്രമുള്ള ജമ്മുവിലെ ആസിഫയെന്ന കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് മൃഗീയവും സമാനതകളില്ലാത്തതുമായ പീഡനമാണ്.

പാവനമായ ക്ഷേത്രത്തെ തന്നെ പീഡന സ്ഥലമായി തിരഞ്ഞെടുത്തതും പ്രതികളെ സംരക്ഷിക്കാന്‍ ദേശീയ പതാകയുമേന്തി  ആസൂത്രിതമായി നടന്ന ശ്രമവും ഞെട്ടിക്കുന്നതാണ്. ഉന്നാവയില്‍ ബലാല്‍സംഗത്തിന്ന് ഇരയായ പെണ്‍കുട്ടിക്കും നീതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കേസില്‍ കുടുക്കുകയും, അദ്ദേഹം മരണപ്പെടുകയും ചെയ്തു.

രാജ്യമെമ്പാടും ഈ സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട്.നീതിപൂര്‍വവും ,ശക്തവുമായ നടപടികള്‍ ഉണ്ടാകുകയും മനുഷ്യ സ്‌നേഹികളും മതേതരസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.  ഐ എം സി സി ജി സി സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂര്‍ അദ്ധ്യക്ഷത വഹിച്ചു .അബൂബക്കര്‍ എ ആര്‍ , നൗഷാദ് വെറ്റിലപ്പള്ളി, ഉമ്മര്‍ കൂളിയാങ്കല്‍ , കുഞ്ഞമ്മദ് , ബിസി അഷ്റഫ്  തുടങ്ങിയവര്‍ സംസാരിച്ചു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top