Top
29
Saturday, April 2017
About UsE-Paper

വെസ്റ്റ് മിഡ്‌ലാൻഡ് മേയർ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി: വിജയത്തിനായി മലയാളികളും

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
ഗ്രഹാം സ്റ്റീവന്‍സന്‍

ലണ്ടന്‍> പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന ഗ്രഹാം സ്റ്റീവന്‍സന്റെ വിജയത്തിനായി മലയാളികള്‍ രംഗത്ത്. സ്റ്റീവന്‍സണിനെ പ്രദേശത്തെ മലയാളികള്‍ തങ്ങളുടെ വോട്ട് നല്‍കി വിജയിപ്പിക്കണം എന്ന് സമീക്ഷ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സിപിഐ എമ്മിന്റെ യുകെ ഘടകമായ അസോസിയേഷന്‍  ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ മലയാളി വിഭാഗമാണ് സമീക്ഷ.

മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. ബ്രിട്ടനിലെ സര്‍ക്കാരും വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് കംബൈന്‍ഡ് അതോറിറ്റിയുമായുണ്ടാക്കിയ അധികാര വികേന്ദ്രീകരണ കരാറിന്റെ ഭാഗമായാണ് മേയര്‍ തെരഞ്ഞെടുപ്പ്. സ്റ്റീവന്‍സന്‍ അടക്കം ആറുപേരാണ് മത്സരരംഗത്തുണ്ട്. ആന്‍ഡി സ്ട്രീറ്റ്സ് (കണ്‍സര്‍വേറ്റീവ് പാര്‍ടി),സിയോണ്‍ സൈമണ്‍ (ലേബര്‍ പാര്‍ടി),പീറ്റ് ഡനെല്‍ (യുകെഐപി), ബവര്‍ലി നീല്‍സന്‍ (ലിബറല്‍ ഡമോക്രാറ്റ്സ്), ജയിംസ് ബേണ്‍ (ഗ്രീന്‍ പാര്‍ടി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

സ്റ്റീവന്‍സന്‍  വിജയിച്ചാല്‍ ശമ്പളമായി ലഭിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റിയ്ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകസമാധാനത്തിനും,സമത്വത്തിനും വേണ്ടി വോട്ട് ചോദിക്കുന്ന ഗ്രഹാം, ട്രാവല്‍ ആന്‍ഡ് ജനറല്‍ യൂണിയനിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ്. സമ്പന്ന വിഭാഗത്തിന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുകയും തൊഴില്‍ എടുക്കുന്ന സാധാരണക്കാര്‍ക്ക് ഗണ്യമായ നികുതി ഇളവ് നല്‍കുകയും വേണം എന്ന് അദ്ദേഹം അവശ്യപ്പെട്ടു. വിജയിച്ചാല്‍ ,പൊതു ഗതാഗത നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഗ്രഹാം വാഗ്ദാനം ചെയ്യുന്നു. ഗ്ലോബല്‍ യുണിയന്‍ ഫെഡറേഷന്റെ എക്‌സിക്യുട്ടിവ് ബോര്‍ഡ് അംഗവും മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമാണ് ഗ്രഹാം സ്റ്റീവന്‍സണ്‍. അരിവാള്‍ ചുറ്റികയാണ് തിരഞ്ഞെടുപ്പ് ചിഹ്നം.

ഗ്രഹാം സ്റ്റീവന്‍സണിന്റെ സ്ഥാനാര്‍ത്ഥിത്തം പോലും കേരളത്തില്‍ നിന്നും യു.കെയില്‍ എത്തിയ ഇടത് അനുഭാവികള്‍ക്ക് ആവേശം പകരുന്നതാണെന്ന്‍ സമീക്ഷ ഭാരവാഹികളായ സഖാക്കള്‍  ജയപ്രകാശ്, രാജേഷ് ചെറിയാന്‍ എന്നിവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിജയത്തിനായി വെസ്റ്റ് മിഡ്‌ലാന്‍ഡ്സില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മിഡ്‌ലാന്‍സ് മലയാളികള്‍ക്ക് വേണ്ടി മലയാള ഭാഷയില്‍ നോട്ടിസുകള്‍ വിതരണം ചെയ്യും.സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍  സംഘടിപ്പിക്കുമെന്ന്‌ അവര്‍ അറിയിച്ചു.