17 December Monday

ജിസിസി ഉച്ചകോടിക്ക് നാളെ റിയാദില്‍ തുടക്കം; ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ച ഖത്തറിനും ക്ഷണം

അനസ് യാസിന്‍Updated: Saturday Dec 8, 2018

മനാമ >  39-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ ഉച്ചകോടി ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ നടക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ച ഖത്തറിനും ഉച്ചകോടിയിലേക്കു ക്ഷണമുണ്ട്. ഗള്‍ഫ് രാഷ്ട്രതലവന്‍മാര്‍ സമ്മേളിക്കുന്ന ഉച്ചകോടിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും.

19 മാസത്തെ മഞ്ഞുരക്കത്തിന്റെ സൂചന നല്‍കുന്നതാണ് ഖത്തറിനു ഉച്ചകോടിയിലേക്കുള്ള ക്ഷണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് ഖത്തറുമായി സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചതായി ഖത്തര്‍ അമീര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഗള്‍ഫ് സഹകരണം, രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, നിയമ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ ഉച്ചകോടി വിശകലനം ചെയ്യും. മന്ത്രിതല കമ്മിറ്റികളും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും പരിശോധിക്കും.

മേഖലയിലെയും ആഗോള തലത്തിലെയും പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളും മേഖലയിലെ പുതിയ സുരക്ഷാ സ്ഥിതിഗതികളും വിശകലനം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണവും സംയോജനവും കൂടുതല്‍ ശക്തമാക്കുകയും ഗള്‍ഫ് രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിന് സഹായിക്കുകയും മുഴുവന്‍ വെല്ലുവിളികളും നേരിടുന്നതിന് ഐക്യവും സഹകരണവും ശക്തമാക്കുകയും ചെയ്യുന്ന സൃഷ്ടിപരവും ഫലപ്രദവുമായ തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജിസിസി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി പറഞ്ഞു.

അതേസമയം, ഖത്തര്‍ പ്രതിസന്ധിക്കിടെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നിലനില്‍ക്കണമെന്നാണ് സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ആഗ്രഹിക്കുന്നതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പ്രവര്‍ത്തനം തുടരുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ സഹായിച്ചു. കൂട്ടായ താല്‍പര്യങ്ങളില്‍ നിന്നുള്ള ഖത്തറിന്റെ വ്യതിചലനം അംഗരാജ്യങ്ങള്‍ തമ്മിലെ തന്ത്രപ്രധാന, രാഷ്ട്രീയ സഹകരണത്തെ ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് പൊതുവിപണി സൃഷ്ടിച്ച സാമ്പത്തിക മേഖലയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വലിയ വിജയം നേടിയിട്ടുണ്ട്. ഖത്തര്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നതും മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ഇത് അവസാനിക്കുന്നതോടെ ഖത്തര്‍ പ്രതിസന്ധിയും ഇല്ലാതാകുമെന്നും ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top