17 October Wednesday

യുഎഇ പൊതുമാപ്പ്: ഇന്ത്യയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കി

അനസ് യാസിന്‍Updated: Sunday Aug 5, 2018

മനാമ > അയല്‍ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു പിന്നാലെ യുഎഇ പൊതുമാപ്പില്‍ നാട്ടിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇസി) നല്‍കാന്‍ ഇന്ത്യന്‍ എംബസിയും തീരുമാനിച്ചു. ഇസി ഫീസായ 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായ  ഒമ്പത് ദിര്‍ഹമും എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പൊതുമാപ്പ് അവസാനിക്കുന്ന ഒക്ടോബര്‍ 31 വരെ ഇടാക്കില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

കാലാവധിയുള്ള പാസ്പോട്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പൊതുമാപ്പ് സ്വന്തം രാജ്യക്കാര്‍ പ്രയോജനപ്പെടുത്താനായി ഫിലിപ്പൈന്‍സാണ് ഇസി സൗജന്യമായി നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് പാക്കിസ്ഥാനും നേപ്പാളും ഇതേ തീരുമാനം അറിയിച്ചു.

 ഇസി ചാര്‍ജ് കുറക്കുന്നതായി ബംഗ്ലാദേശും പ്രഖ്യാപിച്ചിരുന്നു. അപേക്ഷകരുടെ സാഹചര്യമനുസരിച്ച് ഇസി സൗജന്യമായി നല്‍കാന്‍ ശ്രീലങ്കയും തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം വന്നത്. ഇതോടെ പൊതുമാപ്പ് കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുമെന്നുറപ്പായി.കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച പൊതുമാപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ടു ദിനങ്ങളില്‍ പൊതു സേവന കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ഇന്ത്യക്കാര്‍ എത്തി. ദുബായ് അല്‍ അവീറിലെ ഇമ്മിഗ്രേഷന്‍ സെന്ററാണ് സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. പാസ്പോര്‍ട്ട് ഔട്ട്സോഴ്സിംഗ് കേന്ദ്രമായ ബില്‍എസിലും ഇസി ക്ക് അപേക്ഷ സ്വീകരിക്കുന്നതായി എംബസി അറിയിച്ചു.



 

പ്രധാന വാർത്തകൾ
Top