'ദ എയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നെസ്സ്' ഡോക്യുമെന്ററി പ്രകാശനവും മദര്‍ തെരേസ കാരുണ്യസംഗമവും

ബ്രിസ്ബെയ്ന്‍ > പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര ബാനറായ വേള്‍ഡ് മദര്‍ വിഷന്റെ പുതിയ ഡോക്യുമെന്ററി 'ദ എയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നെസ്സ്' ആസ്ത്രേലിയ ക്യൂന്‍സ് ലാന്‍ഡിലെ ബിലോയ്ല സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് പൊലീസ് ഓഫീസറും പൊലീസ് സിറ്റിസണ്‍ യൂത്ത് ക്ളബ്ബ് ബ്രാഞ്ച് മാനേജരുമായ കേസ്റ്റി കേര്‍ട്ടിസ് പ്രകാശനം ചെയ്തു.
ഇതേടനുബന്ധിച്ച് സംഘടിപ്പിച്ച കാരുണ്യസംഗമം ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ ഉദ്ഘാടനം ചെയ്തു. ക്യൂന്‍സ്ലാന്‍ഡ് ബനാന ഷെയര്‍ കൌണ്‍സിലര്‍ ഡേവിഡ് സ്നെല്‍ ചടങ്ങില്‍ അധ്യക്ഷനായി. ക്യൂന്‍സ്ലാന്റിലെ സ്കൂളുകളെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കായി സന്ദേശ ചലച്ചിത്ര മത്സരവും ചലച്ചിത്രമേളയുംസംഘടിപ്പിക്കാനായി മദര്‍ വിഷന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ ഉറപ്പു നല്‍കി.

വിശുദ്ധ മദര്‍ തെരേസയില്‍ നിന്നും നേരിട്ട് അനുഗ്രഹം ലഭിച്ച അനുഭവങ്ങളും മദര്‍ തെരേസയുടെ ജീവിതവും കോര്‍ത്തിണക്കി മദര്‍ വിഷന്‍ ചെയര്‍മാന്‍ ജോയ് കെ മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററിയാണ് 'ദ എയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നെസ്സ്'. സാന്ത്വനത്തിന്റെ മഹാസമുദ്രമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. വേറിട്ട വഴിയിലൂടെ സന്ദേശ ചലച്ചിത്ര മേഖലയില്‍ സാന്നിധ്യം ഉറപ്പിച്ച നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് കെ മാത്യു ഇതിനകം ഏഴ് സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്. മദര്‍ വിഷന്റെ ബാനറില്‍ നിര്‍മിച്ച സന്ദേശചിത്രങ്ങള്‍ക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ചടങ്ങില്‍ ലൂദറന്‍ കമ്യൂണിറ്റി കെയര്‍ സര്‍വീസ് മാനേജര്‍ ലോണ പ്രെര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. ക്യൂന്‍സ്ലാന്‍ഡ് വാലീസ് മേഖല പുരോഹിതന്‍ ഫാ.തദേയൂസ് ലാസര്‍ സ്വാഗതം പറഞ്ഞു. സെന്റ് ജോസഫ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രറ്റ് വ്യാറ്റ്, വിന്നീസ് പ്രസിഡന്റ് ഗേയ് ഫ്രെയ്സര്‍, ക്ളിനിക്കല്‍ നേഴ്സിങ് കണ്‍സള്‍ട്ടന്റ് റോസ് കോര്‍ക്കിനോ, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍വിന്‍ യബനോസ് എന്നിവര്‍ സംസാരിച്ചു. വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാന്‍ ജോയ് കെ മാത്യു നന്ദി പറഞ്ഞു. 'ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്സ്' ഡോക്യുമെന്ററി അമേരിക്ക, ആസ്ത്രേലിയ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും വിതരണം ചെയ്യുമെന്ന് വേള്‍ഡ് മദര്‍ വിഷന്‍ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ലാസര്‍ പറഞ്ഞു.










0 comments