17 December Monday

എയർ ഇന്ത്യ: തനിച്ച‌് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധികചാര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018


മനാമ
ദുബായിൽനിന്ന‌് തനിച്ച‌് നാട്ടിലേക്കുപോകുന്ന കുട്ടികൾക്ക് (അൺ അക്കമ്പനീഡ് മൈനർ) ടിക്കറ്റിനൊപ്പം എയർ ഇന്ത്യ എക‌്സ‌്‌പ്രസ് പ്രത്യേക ഫീസ് ഏർപ്പെടുത്തി. തനിച്ച‌്‌ യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതൽ വൺവേ ടിക്കറ്റിനൊപ്പം 165 ദിർഹം (ഏതാണ്ട് 3,185 രൂപ) അധികമായി നൽകണമെന്ന് എയർ ഇന്ത്യ എക‌്സ‌്‌പ്രസ് അറിയിച്ചു. നാട്ടിൽനിന്ന‌്‌ തനിച്ചാണ് വരുന്നതെങ്കിൽ റിട്ടേൺ ടിക്കറ്റിൽ 330 ദിർഹം (6,363 രൂപ) അധികം നൽകണം.

പുതിയ ഫീസ് സംബന്ധിച്ച് യുഎഇയിലെ ട്രാവൽ ഏജന്റുമാർക്ക് എയർ ഇന്ത്യ സർക്കുലർ അയച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ‌്‌ലിങ‌് ഏജൻസി ചാർജ് വർധിപ്പിച്ചതിനാലാണ് നടപടിയെന്ന്  അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യത്തിൽ അൺ അക്കമ്പനീഡ് മൈനർ ഫീസ് തിരിച്ചുനൽകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചാർജ് ഈടാക്കില്ല.

ടിക്കറ്റ് എയർ ഇന്ത്യ എക‌്സ‌്‌പ്രസിന്റെ ദുബായ് സിറ്റി ഓഫീസിൽനിന്നോ  എയർപോർട്ട് ഓഫീസീൽനിന്നോ വാങ്ങണമെന്നും എക‌്സ‌്‌പ്രസ് അറിയിച്ചു. ട്രാവൽ ഏജൻസിയിൽ നിന്നോ  വെബ്‌സൈറ്റിൽനിന്നോ എടുക്കാനാകില്ല.

മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ കൂടെയല്ലാതെ നാട്ടിലേക്ക‌് കുട്ടികൾ തനിച്ച‌് യാത്രചെയ്യുന്നത് സാധാരണമാണ്. ഗൾഫിൽ സ്‌കൂൾ അവധിക്കാലത്ത് ജോലിയിൽ വാർഷിക അവധി ലഭിക്കാത്ത മാതാപിതാക്കൾ സാധാരണ മക്കളെ തനിച്ചാണ് നാട്ടിലയക്കാറ്. കുട്ടികൾക്ക് മെച്ചപ്പെട്ട പരിരക്ഷയും പരിഗണനയും ലഭിക്കുമെന്ന സവിശേഷതയും ഇതിനുണ്ട്. ഗൾഫിലെ സ്‌കൂൾ അവധിക്കാലങ്ങളായ ജൂലൈ, ആഗസ്ത് മാസങ്ങളിൽ പൊതുവെ ഉയർന്ന ടിക്കറ്റ് നിരക്കാണ്. പുതിയ ചാർജ‌്കൂടി ഏർപ്പെടുത്തിയത് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കും.

ദുബായിൽ മാത്രമാണ് പുതിയ നിരക്ക് ഏർപ്പെടുത്തിയതെങ്കിലും മറ്റ‌്‌ എമിറേറ്റ്‌സുകളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഈ നിരക്ക് വ്യാപിപ്പിക്കാൻ സാധ്യതയേറെയാണ്.

ആറ് ഗൾഫ് രാജ്യങ്ങളിലെ 12 നഗരങ്ങളിൽനിന്ന‌് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലേക്ക്  എയർ ഇന്ത്യ എക‌്സ‌്‌പ്രസ് സർവീസ് നടത്തുന്നുണ്ട്. ഇതിൽ അഞ്ചും യുഎഇയിലെ എമിറേറ്റുകളിലേക്കാണ്. കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എക‌്സ‌്‌പ്രസ് സർവീസിന് ഈ മാസം ഒമ്പതിന‌്‌ തുടക്കമാകും.


പ്രധാന വാർത്തകൾ
Top