17 July Tuesday

അനുമതിയില്ലാതെ പൊതുപരിപാടി; സൗദിയില്‍ അറസ്റ്റിലായ നാലു മലയാളികള്‍ മോചിതരായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017
മനാമ >  സൗദിയില്‍ അനുമതിയില്ലാതെ പൊതു പരിപാടി നടത്താന്‍ ശ്രമിച്ചതിനെതുടര്‍ന്ന് അറസ്റ്റിലായിരുന്ന നാലു മലയാളികള്‍മോചിതരായി. ഒന്‍പതു ദിവസത്തോളം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് മോചനം. ഇന്ത്യന്‍ എംബസിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഇവരെ വിട്ടയച്ചതെന്നാണ് വിവരം. 
 
കഴിഞ്ഞ ദിവസം മുബാറസ് പൊലീസ് സ്‌റ്റേഷനില്‍ നിന്നാണ് മോചനം സാധ്യമായത്. ഡിസംബര്‍ 24, 25 തീയതികളില്‍ നടക്കേണ്ടിയിരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍എസ്‌സി) സൗദി ഈസ്റ്റ് നാഷണല്‍ ഒന്‍പതാമത് എഡിഷന്‍ സാഹിത്യോത്സവ് സംഘാടകരാണ് അറസ്റ്റിലായവര്‍. പരിപാടി നടക്കേണ്ടിയതിന്റെ തൊട്ടു തലേദിവസമാണ് അല്‍ഹസ്സ ഗവര്‍ണര്‍ കാര്യാലയത്തില്‍ നിന്നുള്ള പ്രത്യേക പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 
 
തുടര്‍ന്ന് മേഖലയിലെ സാമൂഹൃ പ്രവര്‍ത്തകനെ പ്രത്യേക അധികാരപത്രം നല്‍കി എംബസി അല്‍ ഹസ ഗവര്‍ണറേറ്റിലേക്ക് മോചന ശ്രമങ്ങള്‍ക്കയി അയച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള സാഹിത്യ പരിപാടി മാത്രമാണ് നടത്താന്‍ ശ്രമിച്ചതെന്നും അതിനായി മറ്റു പ്രചാരണങ്ങള്‍ നടത്തിയിരുന്നില്ലെന്നും എംബസി ഗവള്‍ണറേറ്റില്‍ രേഖാമൂലം അറിയിച്ചിരുന്നു. ഇത് ബോധ്യമായ ശേഷമാണ് വിട്ടയച്ചത്.
 
അനുമതിയില്ലാതെ പരിപാടികള്‍ നടത്തരുതെന്നു എംബസി പലപ്പോഴും ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് കേരളത്തില്‍ നിന്നെത്തിയ പ്രമുഖ മതപണ്ഡിതന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിനെ സന്ദര്‍ശിച്ചപ്പോള്‍ ഔദ്യോഗിക അനുമതിയില്ലാതെ ഒരു പരിപാടികളിലും പങ്കെടുക്കരുതെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാലിയാത്തുകള്‍ക്കു പോലും പുറത്തു നിന്നെത്തുന്നവരെ പങ്കെടുപ്പിച്ചു കൊണ്ടു പൊതുപരിപാടികള്‍ പുറത്തു നടത്താന്‍ അനുവാദമില്ല. 
 
ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍ അവരെ നാടുകടത്തുകയാണ് നിലവിലുള്ള ശിക്ഷാരീതി.ഗവര്‍ണര്‍ കാര്യാലയം ഇടപെടുന്ന കേസുകളില്‍ നിന്നും രക്ഷപ്പെടുന്നത് അപൂര്‍വ്വവുമാണ്. ഇത്തരം പരിപാടികള്‍ നടത്താന്‍ സൗദി അധികൃതരുടെ അനുമതി തേടുമെന്ന് എംബസി അറിയിച്ചു.
പ്രധാന വാർത്തകൾ
Top