Top
25
Saturday, March 2017
About UsE-Paper

സൌദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; 29 മുതല്‍ മൂന്നു മാസം കാലാവധി

Monday Mar 20, 2017
അനസ് യാസിന്‍
മനാമ > അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കായി സൌദി അറേബ്യ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നു മാസം കാലവാവധിയുള്ള പൊതുമാപ്പ് ഈ മാസം 29ന് പ്രാബല്യത്തില്‍ വരും. റമദാന്‍ അവസാനം വരെ നീളുന്ന പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇല്ലാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കും. നാട്ടിലേക്ക്  പോകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ല.
 
നിമയലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടിലാണ് പൊതുമാപ്പ് കാമ്പയിന്‍. ഇഖാമ (താമസ രേഖ)- തൊഴില്‍ നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍ (തൊഴിലാളി ഒളിച്ചോടി എന്ന് സ്പോണ്‍സര്‍ സ്റ്റാറ്റസ് നല്‍കിയ വ്യക്തി), ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. വിസിറ്റ്, ഹജ്, ഉംറ വിസകളില്‍ സൌദിയില്‍ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജവാസാത്ത് കൌണ്ടറുകളില്‍ നിന്ന് ഫൈനല്‍ എക്സിറ്റ് നല്‍കും. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദേശാനുസരണ്ം ജവാസാത്ത് ഡയറക്ടറേറ്റാണ് നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനുള്ള കാമ്പയിന്‍ (പൊതുമാപ്പ്) പ്രഖ്യാപിച്ചത്. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുക.
 
ഹജ്, ഉംറ, വിസിറ്റ് വിസക്കാര്‍ ടിക്കറ്റുകളും പാസ്പോര്‍ട്ടുകളുമായും എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നേരിട്ട് എത്തണം. ഇവര്‍ക്ക് അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് എക്സിറ്റ് നല്‍കും. വിരലടയാളവും കണ്ണടയാളവും പരിശോധിച്ച് കേസുകളുമായും മറ്റും ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവരുന്നവരല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമ ലംഘകര്‍ക്ക് എക്സിറ്റ് നല്‍കുക.
 
ഇഖാമയുള്ളവരും തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവരും സ്പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവരും അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും എക്സിറ്റ് നടപടികള്‍ക്ക് അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ വിദേശി വകുപ്പുകള്‍ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവരെ നാടുകടത്തിയവര്‍ എന്ന രീതിയില്‍ കരിമ്പട്ടികയില്‍ പെടുത്തില്ല. ഇതുമൂലം പുതിയ വിസയില്‍ സൌദിയില്‍ വീണ്ടും വരുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല.
 
മുഴുവന്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കം പൂര്‍ത്തിയാക്കി. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ രാജ്യമെങ്ങും ശക്തമായ റെയ്ഡുകള്‍ നടത്തും. സൌദിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് ലക്ഷക്കണക്കിനാളുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.