17 July Tuesday

യോഗേന്ദ്ര യാദവിന്റെ ബന്ധുക്കളുടെ ആശുപത്രികളില്‍ റെയ്ഡ്

സ്വന്തം ലേഖകൻUpdated: Friday Jul 13, 2018


ന്യൂഡൽഹി > കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായ കർഷക നേതാവ് യോഗേന്ദ്ര യാദവിന്റെ ബന്ധുക്കളുടെ ആശുപത്രികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. യാദവിന്റെ സഹോദരിമാരുടെ ഹരിയാനയിലെ റിവാരിയിലുള്ള ആശുപത്രികളിലാണ് റെയ്ഡ്. കാർഷികവിളകൾക്ക് ന്യായമായ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങളുടെ പേരിൽ തന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് റെയ്ഡെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

കർഷക സംഘടനകളുടെ സംയുക്തവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ‐ ഓർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ തീരുമാനിച്ച യോഗത്തിനു പിന്നാലെയാണ് റെയ്ഡ് നടന്നത്. നഗരത്തിലെ മദ്യവിൽപ്പനകേന്ദ്രങ്ങൾക്കെതിരെയും സമരം പ്രഖ്യാപിച്ചിരുന്നു.

യോഗേന്ദ്ര യാദവിന്റെ സഹോദരിമാരായ നീലിമ യാദവ്, പൂനം യാദവ് എന്നിവർ നടത്തുന്ന കലാവതി ആശുപത്രി‐നേഴ്സിങ് ഹോമിലും കമല നേഴ്സിങ് ഹോമിലുമാണ് റെയ്ഡ് നടന്നത്. 15 വാഹനത്തിൽ എത്തിയ ആദായവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. സഹോദരിമാരെ ചേംബറിൽ തടഞ്ഞുവച്ചു. നവജാത ശിശുക്കളുള്ള അത്യാഹിതവിഭാഗം അടച്ചിട്ടു. റിവാറിയിൽ നൂറിലേറെ ആശുപത്രികളുണ്ടെങ്കിലും ഈ രണ്ടിടത്തുമാത്രമാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് കാരണം രോഗികൾ ചികിത്സ കിട്ടാതെ മടങ്ങിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top