15 November Thursday

ഇന്ത്യ വിടുംമുമ്പ് ജെയ്‌‌റ്റിലിയെ ‌ കണ്ടു ; വിജയ് മല്യയുടെ വെളിപ്പെടുത്തല്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ന്യൂഡൽഹി>ഇന്ത്യ വിടുംമുമ്പ് ധനമന്ത്രി അരുൺ ജെയ്‌റ്റ്ലിയെ കണ്ടിരുന്നെന്ന് ശതകോടികൾ വെട്ടിച്ച മദ്യരാജാവ് വിജയ് മല്യയുടെ വെളിപ്പെടുത്തൽ. വായ്പ കുടിശ്ശിക തീർക്കാനുള്ള നിർദേശങ്ങൾ ജെയ്‌റ്റ്ലിയോട് ചർച്ച ചെയ്തിരുന്നെന്നും  ലണ്ടനിലെ കോടതി പരിസരത്തുവച്ച് മല്യ മാധ്യമങ്ങളോട് പറഞ്ഞു.

മല്യയെ വിചാരണയ്ക്കായി ഇന്ത്യക്ക് വിട്ടുകിട്ടണമെന്നുള്ള ആവശ്യത്തിന്മേൽ ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ്  വാദംകേൾക്കുന്നത്. വിദേശത്തേക്ക് കടക്കാൻ മല്യയെ കേന്ദ്ര സർക്കാർ സഹായിച്ചെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

ഐഡിബിഐ ബാങ്കിൽനിന്ന‌് വൻതുക വായ്പയെടുത്ത് വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ച കേസിൽ സിബിഐ 2015 ഒക്ടോബർ 16നാണ്  മല്യക്കെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്. മല്യ രാജ്യം വിടുമെന്ന്ആഭ്യന്തര, ധനമന്ത്രാലയങ്ങളിലെ പ്രമുഖർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന ആക്ഷേപം  ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടു.

മതിയായ ഈടില്ലാതെ മല്യക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്നുൾപ്പെടെ 9,000 കോടിയോളം വായ്പ അനുവദിക്കാൻ ഉന്നതർ സ്വാധീനം ചെലുത്തി. മല്യയുടെ പാസ്പോർട്ട്  കണ്ടുകെട്ടാനും തയ്യാറായില്ല. ജെറ്റ്എയർവേയ്സിന്റെ ഡൽഹി‐ലണ്ടൻ ഫ്ളൈറ്റിൽ ഫസ്റ്റ്ക്ലാസ് ടിക്കറ്റിൽ പട്ടാപ്പകലാണ് മല്യ രാജ്യം വിട്ടത്. ഏഴ് വലിയ ബാഗ് ഒപ്പം കൊണ്ടുപോയി.പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പ്രതികളായ വജ്രവ്യാപാരി നീരവ് മോഡിയും കുടുംബാംഗങ്ങളും ഇന്ത്യ വിട്ടുപോയതും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തശേഷമാണ്.


പ്രധാന വാർത്തകൾ
Top