25 September Tuesday

യുഎസ് അന്ത്യശാസനം : ഇറാൻ എണ്ണ ഇന്ത്യ വെട്ടിക്കുറച്ചു

എം പ്രശാന്ത്Updated: Thursday Jul 12, 2018

ന്യൂഡൽഹി
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. ആഭ്യന്തരവിപണിയിൽ പെട്രോൾ‐ഡീസൽ വില ദിനംപ്രതി ഉയരുമ്പോഴാണ് സാമ്പത്തികമായി ഇന്ത്യക്ക് ഏറെ മെച്ചമായ ഇറാൻ എണ്ണ ഇറക്കുമതി മോഡിസർക്കാർ വെട്ടിച്ചുരുക്കിയത്. ഇറാനിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ജൂണിൽ 15.9 ശതമാനം കുറച്ചു. മേയിൽ പ്രതിദിനം 7,05,200 ബാരലായിരുന്ന ഇറക്കുമതി ജൂണിൽ 5,92,800 ബാരലായി. കുറവ് നികത്തുന്നതിന് മറ്റ് സ്രോതസ്സുകൾ കണ്ടെത്താൻ എണ്ണക്കമ്പനികളോട‌് സർക്കാർ നിർദേശിച്ചു.  ആഭ്യന്തരവിപണിയിൽ എണ്ണവില വീണ്ടും ഉയരുന്നതിന് ഇത‌് ഇടയാക്കും.

ഐക്യരാഷ്ട്ര രക്ഷാസമിതി അംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ജർമനിയും യൂറോപ്യൻ യൂണിയനും 2015ൽ ഇറാനുമായി സംയുക്ത സമഗ്ര കർമപദ്ധതിയെന്ന (ജെസിപിഒഎ) പേരിൽ ആണവധാരണയിൽ എത്തിച്ചേർന്നിരുന്നു. ഇറാന്റെ ആണവശേഖരം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കുക ലക്ഷ്യമിട്ടുള്ള കരാറിൽനിന്ന് കഴിഞ്ഞ മേയിൽ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങി. തുടർന്ന‌് ഇറാനുമേൽ വീണ്ടും ഉപരോധം അടിച്ചേൽപ്പിച്ചു.  ഇറാനുമായുള്ള എല്ലാ വാണിജ്യ ഇടപാടുകളും അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ‌് ആവശ്യപ്പെട്ടു. ഇറാനുമായി ഇടപാടുകൾ നടത്തുന്ന എല്ലാ വിദേശകമ്പനികളെയും വിലക്കുമെന്ന ഭീഷണിയും ഉയർത്തി.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബർ നാലിനകം പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ അന്ത്യശാസനം. യുഎൻ തീരുമാനിക്കുന്ന ഉപരോധങ്ങളോട് മാത്രമേ ഇന്ത്യ സഹകരിക്കൂവെന്നും ഏതെങ്കിലും രാജ്യം ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളോട് യോജിക്കില്ലെന്നുമാണ് മോഡി സർക്കാർ അവകാശപ്പെട്ടിരുന്നത്.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യക്ക് പല കാരണങ്ങളാലും സാമ്പത്തികമായി നേട്ടമാണ്. പണമടവിന് രണ്ടുമാസംവരെ സാവകാശം ഇറാൻ നൽകാറുണ്ട്. മറ്റു രാജ്യങ്ങൾ പരമാവധി ഒരുമാസമാണ് അനുവദിക്കുക. ഇറാനുമായുള്ള പണമിടപാട് ഡോളറിനുപകരമായി യൂറോയിലാണ്. ഡോളറിനെതിരായി രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന പശ്ചാത്തലത്തിൽ യൂറോ ഇടപാട് കറന്റ് അക്കൗണ്ട് കമ്മി പിടിച്ചുനിർത്തുന്നതിൽ സർക്കാരിന് ആശ്വാസമായിരുന്നു. ഇറാഖും സൗദിയും കഴിഞ്ഞാൽ ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡോയിൽ നൽകുന്ന രാജ്യമാണ് ഇറാൻ. നല്ല രീതിയിലുള്ള വിലയിളവും  ലഭിച്ചിരുന്നു. 2017 ഏപ്രിൽ മുതൽ 2018 ജനുവരിവരെയുള്ള കാലയളവിൽ 18.4 ദശലക്ഷം ടൺ ക്രൂഡോയിലാണ് ഇറാനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ‌്തത‌്.

2016 മേയിൽ പ്രധാനമന്ത്രി മോഡി ഇറാൻ സന്ദർശിച്ചപ്പോൾ ചബഹാർ തുറമുഖ വികസനത്തിനായി 50 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം ഇറാൻ പ്രസിഡന്റ് ഇന്ത്യയിൽ വന്നപ്പോൾ പാട്ടക്കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ, യുഎസ് ഭീഷണിയെതുടർന്ന് ചബഹാർ വികസനത്തിൽനിന്ന‌് മോഡിസർക്കാർ പിന്നോക്കം പോവുകയാണ്. അഫ്ഗാനെയും മധ്യേഷ്യൻ രാജ്യങ്ങളെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ഘടകമായി മാറേണ്ടതാണ് ചബഹാർ തുറമുഖം. എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയും തന്ത്രപ്രധാനമായ ചബഹാർ തുറമുഖ വികസനത്തിൽനിന്ന് പിന്നോക്കം പോവുകയും ചെയ്യുന്ന ഇന്ത്യൻ നിലപാടിനെ ഇറാൻ രൂക്ഷമായി വിമർശിച്ചു. ഈ നിലപാട് തുടർന്നാൽ ഇന്ത്യക്ക് നൽകിയിട്ടുള്ള പ്രത്യേകാനുകൂല്യങ്ങൾ പിൻവലിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മസൂദ് റസ്വാനിയൻ റഹാഗി വ്യക്തമാക്കി. ഇറാൻ ഇന്ത്യയുടെ ഒരു വിശ്വസനീയ ഊർജപങ്കാളിയായിരുന്നു. ന്യായമായ വിലയാണ് ക്രൂഡോയിലിന് ഈടാക്കിയിരുന്നത്. തങ്ങളുടെ സ്വാർഥതാൽപ്പര്യങ്ങൾക്കായി അമേരിക്ക ലോകത്തെയാകെ ലക്ഷ്യംവയ്ക്കുകയാണ്. ഒന്നുകിൽ സഖ്യമാവുക, അല്ലെങ്കിൽ ശത്രുവാകുക എന്നതാണ് അവരുടെ നയം‐ അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top