18 July Wednesday

മോഡിയെ വിമര്‍ശിച്ച് പാട്ടുപാടി: തമിഴ് നാടോടി ഗായകന്‍ കോവന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ചെന്നൈ > പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പാട്ടെഴുതിയ ദളിത് നാടോടി ഗായകന്‍ കോവനെ അറസ്റ്റ് ചെയ്‌തു. തൃച്ചിയിലെ ബിജെപി യൂത്ത് വിങ് സെക്രട്ടറിയായ എന്‍ ഗൗതമിന്റെ പരാതിയെ തുടര്‍ന്നാണ് കോവനെ അറസ്റ്റു ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

കാവേരി വിഷയത്തില്‍ മോഡിയെ കടന്നാക്രമിക്കുന്ന വിധത്തിലുള്ളതായിരുന്നു കോവന്റെ ഗാനം. ശ്രീരാമ ദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രഥയാത്ര തമിഴ്‌നാട്ടില്‍ പ്രവേശിച്ച സന്ദര്‍ഭത്തിലും കോവന്‍ രൂക്ഷമായി പരിഹാസിച്ചിരുന്നു. പാട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയി.

രഥയാത്രയും ഇഷ ഫൗണ്ടേഷനിലെ സ്ഥാപകന്‍ ജാഗ്ഗി സദ്‌ഗുരു വാസുദേവ്‌ നൃത്തം ചെയ്യുന്നതും പാട്ടില്‍ ഉണ്ടായിരുന്നു. ശത്രുത പ്രചരിപ്പിച്ചു, സമാധാനം നശിപ്പിക്കാന്‍ ശ്രമിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

  ചെരുപ്പുമായി ഭരണം നടത്തിയ കഥ രാമായണത്തിലാണ്. തമിഴ്നാട്ടില്‍ മോഡിയുടെ രണ്ട് ചെരുപ്പുകളാണ് ഭരിക്കുന്നത് എന്ന് കോവന്‍ പാടിയിരുന്നു.പാട്ടില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെയും കോവന്‍ പരിഹസിച്ചു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും വലിയ ചര്‍ച്ചയ്ക്‌ക് വഴിതുറക്കുകയും ചെയ്‌തതിനു പിന്നാലെയാണ്  കോവനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.


 

പ്രധാന വാർത്തകൾ
Top