10 December Monday

സൂര്യകാന്ത മിശ്ര പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018



കൊൽക്കത്ത > ഡോ. സൂര്യകാന്ത മിശ്രയെ സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. അറുപത്തെട്ടുകാരനായ മിശ്ര ഇത് രണ്ടാംതവണയാണ് സെക്രട്ടറിയാകുന്നത്. പാർടി പൊളിറ്റ്‌ ബ്യൂറോ അംഗമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേനയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 80 അംഗ സംസ്ഥാന കമ്മിറ്റിയിൽ 79 പേരെ സമ്മേളനം തെരഞ്ഞെടുത്തു. ഒരു വനിതയെ പിന്നീട് കോ‐ഓപ്റ്റ് ചെയ്യും. കമ്മിറ്റിയിൽ 17 പുതുമുഖങ്ങൾ. 12 സ്ത്രീകൾ. മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യ, മുൻ പിബി അംഗം നിരുപം സെൻ ഉൾപ്പടെ എട്ടുപേർ പ്രത്യേക ക്ഷണിതാക്കളാണ്. അഞ്ചംഗ കൺട്രോൾ കമീഷനെയും 175 പാർടി കോൺഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

പശ്ചിമ മിഡ്നാപുർ ജില്ലയിലെ നാരയൻഗഡ് സ്വദേശിയായ  മിശ്ര വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നത്. കട്ടക് മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗമായി. 1971ലാണ് പാർടി അംഗമായത്. വൈദ്യപഠനം പൂർത്തിയാക്കി മിഡ്നാപൂരിൽ തിരികെയെത്തി യുവജനപ്രസ്ഥാനത്തിൽ സജീവമായി. 1978 മുതൽ 1991 വരെ അവിഭക്ത മിഡ്നാപുർ ജില്ലാപരിഷത്ത് പ്രസിഡന്റായിരുന്നു. 1991 മുതൽ നാരയൻഗഡിൽനിന്ന് തുടർച്ചയായി അഞ്ചുതവണ നിയമസഭാംഗമായി. 1996 മുതൽ ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായി. 2011 മുതൽ 2016വരെ  പ്രതിപക്ഷ നേതാവായി. 1988ലാണ് പാർടി സംസ്ഥാന കമ്മിറ്റി അംഗമായത്. 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2002ൽ ഹൈദരബാദിൽ നടന്ന 17‐ാം പാർടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  20‐ാം പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി. ഭാര്യ ഉഷ മിശ്ര പാർടി പ്രവർത്തകയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ്. രണ്ട് മക്കളുണ്ട്.

പ്രധാന വാർത്തകൾ
Top