ബിസിനസ് ക്ളാസിനു പകരം എക്കണോമി ക്ളാസില്‍ ഇരുത്തി ; എയര്‍ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരുപ്പൂരിയടിച്ചു

ന്യൂഡല്‍ഹി > ബിസിനസ് ക്ളാസിനു പകരം എക്കണോമി ക്ളാസില്‍ ഇരുത്തിയതില്‍ അരിശംപൂണ്ട് ശിവസേന എം പി രവീന്ദ്ര ഗെയിക്ക്വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു. ബിസിനസ് ക്ളാസ് ഇല്ലാത്ത വിമാനം സര്‍വീസ് നടത്തിയതിനാല്‍ എക്കോണമി ക്ളാസില്‍ ഇരിക്കേണ്ടി വന്നതില്‍ കുപതിനായാണ് എംപി അറുപതുകാരാനായ ജീവനക്കാരനെ മര്‍ദിച്ചത്. ചെരുപ്പ് ഊരി 25 തവണ താന്‍ അയാളെ അടിച്ചെന്ന് എംപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. പൂണെ ഡല്‍ഹി എ 1852 വിമാനത്തില്‍ എംപി ഓപ്പണ്‍ ബിസിനസ് ക്ളാസ് ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കണോമി ക്ളാസ് മാത്രമുള്ള വിമാനമാണ് വ്യാഴാഴ്ച സര്‍വീസ് നടത്തിയത്. ഇക്കാര്യം എംപിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് അവര്‍ മറുപടി നല്‍കിയിരുന്നതായുമാണ് എയര്‍ഇന്ത്യ പറയുന്നത്.
എന്നാല്‍ പൂണെയില്‍ നിന്നും കയറിയ എംപി ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറഞ്ഞെങ്കില്‍ മാത്രമെ ഇറങ്ങുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതറിഞ്ഞ് എംപിയോട് സംസാരിക്കാനെത്തിയ ഡ്യൂട്ടി മാനേജര്‍ ആര്‍ സുകുമാറിനെയാണ് എംപി ചെരുപ്പൂരി അടിച്ചത്. നിരവധി തവണ എംപി മാനേജരെ അടിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്.









0 comments