20 September Thursday

മിനിമം ബാലന്‍സ്: പ്രതിഷേധങ്ങള്‍ ഫലം കണ്ടു; പിഴ തുകയില്‍ 75 ശതമാനം ഇളവ് വരുത്തി എസ്‌ബിഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

മുംബൈ >  അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തിന്റെ  പേരില്‍ ഉപഭോക്താക്കളില്‍ നിന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഈടാക്കുന്ന പിഴതുകയില്‍ ഇളവ് വരുത്തി. പിഴതുകയില്‍ 75 ശതമാനത്തോളമാണ് എസ്‌ബിഐ വെട്ടിച്ചുരുക്കിയത്.

നിലവില്‍ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കളില്‍ നിന്നു പ്രതിമാസം പിഴതുക 50 രൂപ ഈടാക്കിയിരുന്നത് 15 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്.  അര്‍ദ്ധ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ബ്രാഞ്ചിലെ അക്കൗണ്ടുളളവര്‍ക്ക് പിഴ 40 രൂപയില്‍ നിന്നു യഥാക്രമം 12, 10 രൂപയായാണ് കുറവു വരുത്തിയിരിക്കുന്നത്. അതേസമയം ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ചാര്‍ജ്ജ് ഇപ്പോഴും നിലവിലുണ്ട്. കൂടാതെ പിഴ തുകയ്ക്ക് പുറമെ ജിഎസ്‌ടി നിരക്ക് കൂടി നല്‍കേണ്ടിവരും.എസ്‌ബിഐയുടെ പുതിയ തീരുമാനം ഏപ്രില്‍ ഒന്നു മുതലാണ് നിലവില്‍ വരിക.

മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ എട്ടുമാസം കൊണ്ട് 1771 കോടി രൂപ എസ്‌ബിഐ  ഈടാക്കിയിരുന്നു. വന്‍ തുക പിഴ ഈടാക്കികൊണ്ടുള്ള എസ്‌ബിഐ തീരുമാനം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും അല്ലാതെയും അതിശക്തമായ പ്രതിഷേധങ്ങള്‍ ഇതിനെതിരെ നടന്നു. ഇതിന്റെ പാശ്ചതലത്തിലാണ് എസ്‌ബിഐ ചാര്‍ജ് കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. പിഴ ഇനത്തില്‍ വന്‍ തുക സാധാരണക്കാരില്‍ നിന്നും പിഴിഞ്ഞെടുത്തിട്ടും കഴിഞ്ഞ സെപ്തംബറില്‍ 1581.5 കോടി രൂപയുടെ നഷ്ടം എസ്‌ബിഐക്കുണ്ടായതായാണ് റിപ്പോര്‍ട്ട്.

 

പ്രധാന വാർത്തകൾ
Top