21 November Wednesday

രൂപയുടെ വിലയിടിവ‌്; വിലക്കയറ്റം രൂക്ഷമാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ന്യൂഡൽഹി > രൂപയുടെ വിലയിടിവ് ഉപഭോക‌്തൃ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും.  ഇറക്കുമതിചെയ്യുന്ന ഘടകങ്ങളുള്ള എല്ലാ നിർമിതോൽപ്പന്നങ്ങളുടെയും വില വർധിക്കാൻ രൂപയുടെ വിലയിടിവ് കാരണമാകും. ടെലിവിഷൻ, ഫ്രിഡ‌്ജ‌്  ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, വിവിധതരം വാഹനങ്ങൾ എന്നിവയുടെ വില കൂടും. ജിഎസ്ടി നിരക്ക് കുറച്ചതിനാൽ ഗൃഹോപകരണ വിലയിലുണ്ടായ കുറവ് ഇല്ലാതാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ധന വർധന വിലകൂടി കണക്കിലെടുക്കുമ്പോൾ വരും നാളുകളിൽ രൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്നാണ‌് വിപണ നിരീക്ഷകരുടെ വിലയിരുത്തൽ.

ഗൃഹോപകരണങ്ങളുടെ ജിഎസ‌്ടി ജൂൺ അവസാനവാരം 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. തുടർന്ന‌് ഇവയുടെ വില 5 മുതൽ 7 ശതമാനം നിർമാതാക്കൾ കുറച്ചിരുന്നു. രൂപയുടെ മൂല്യശോഷണത്തോടെ രണ്ട‌് മുതൽ അഞ്ച‌് ശതമാനം വരെ ഉൽപാദന ചെലവ‌് വർധിച്ചെന്ന കാരണം പറഞ്ഞ‌് കമ്പനികൾ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ തുടങ്ങി. ഡോളറിന‌് 70 രൂപയിൽ കൂടുതലായത് കടുത്ത സമ്മർദം സൃഷ്ടിച്ചിരിക്കുകയാണെന്ന‌് സോണി, പാനസോണിക്, ഗോദ്റേജ് കമ്പനി വക്താക്കൾ പറഞ്ഞു. ഉത്തരേന്ത്യയിലെ ഉത്സവകാലത്തിനുമുമ്പ് വിലവർധന പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഗോദ്റേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു.

വാഹനനിർമാണ കമ്പനികളും വില വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. കാറുകളുടെ വില 5000 മുതൽ 15000 രൂപ വരെ വർധിപ്പിക്കാനാണ‌് നീക്കം. ഇറക്കുമതിയെ ആശ്രയിച്ചുള്ള സ‌്റ്റീൽ ഉൽപന്നങ്ങൾ, എൽഇഡി ബൾബ‌്,  വളം തുടങ്ങിയവയുടെ വിലയും വർധിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top