21 September Friday

രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന്റെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

ന്യുഡല്‍ഹി > രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഇടപെടണമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

അതേസമയം, തമിഴ്‌നാടിന്റെ നിലപാടുമായി യോജിക്കാനാകില്ലെന്ന് ഓഗസ്റ്റ് പത്തിന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്കു മാപ്പ് നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.  1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനു എന്നു പേരുള്ള വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സുപ്രീകോടതിയുടെ ഇടപെടലോടെ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ക്കാണ് ജയില്‍ മോചിതരാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്.

  പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.രാജീവ് ഗാന്ധിയുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബെല്‍റ്റ് ബോംബില്‍ ഉപയോഗിക്കുന്നതിനായി ബാറ്ററി വാങ്ങിനല്‍കിയെന്ന കുറ്റമാണ് പേരറിവാളനെതിരെയുള്ളത്.











 


പ്രധാന വാർത്തകൾ
Top