12 December Wednesday

രാജസ്ഥാനിൽ ബിജെപിയുടെ അടിത്തറ ഇളകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ന്യൂഡൽഹി > രാജസ്ഥാനിൽ ബിജെപിയുടെ അടിത്തറയിളക്കി കൂട്ടരാജി തുടരുന്നു. ദൗസ മണ്ഡലത്തിൽനിന്നുള്ള എംപി ഹരീഷ‌്ചന്ദ്ര മീണ ബുധനാഴ‌്ച ബിജെപി വിട്ട‌് കോൺഗ്രസിൽ ചേർന്നു. സീറ്റ‌് നൽകാത്തതിൽ പ്രതിഷേധിച്ച‌് മന്ത്രിയും എംഎൽഎമാരും രാജിവച്ചതിനു പിന്നാലെയാണ‌് മീണയുടെ രാജി. തെരഞ്ഞെടുപ്പിൽ കിഴക്കൻ രാജസ്ഥാനിൽ നിർണായകമാകുന്ന മീണ വിഭാഗത്തിൽ നിന്നുള്ള ഹരീഷ‌്ചന്ദ്രയുടെ രാജി ബിജെപിക്ക‌് കനത്ത ആഘാതമാണ‌്. ഭരണവിരുദ്ധവികാരം നേരിടുന്ന വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരാകും ജനവിധിയെന്ന അഭിപ്രായ സർവേകൾക്കു പിന്നാലെയാണ‌് പാളയത്തിൽപ്പട ശക്തമായത‌്.

മുൻ ഡിജിപിയായ  ഹരീഷ‌്ചന്ദ്ര ഉദ്യോഗസ്ഥർക്കിടയിലും സ്വാധീനമുള്ളയാളാണ‌്. സർക്കാർ ഉദ്യോഗസ്ഥരിൽ  ശക്തമായ സ്വാധീനമുള്ള സമുദായമാണ‌് മീണ വിഭാഗം.  ജോലി രാജിവച്ച‌് 2014ലാണ‌് ഹരീഷ‌് ചന്ദ്ര ബിജെപിയിൽ ചേർന്നത‌്. 2009–-13 വരെ ഏറ്റവും കൂടുതൽ കാലം സംസ്ഥാന പൊലീസ‌ിന്റെ തലപ്പത്തിരുന്നയാളാണ‌് ഹരീഷ‌്ചന്ദ്ര.  മുതിർന്ന കോൺഗ്രസ‌് നേതാവായ  സഹോദരൻ നമോ നാരായണൻ മീണയെ പരാജയപ്പെടുത്തിയാണ‌്  2014ൽ ഇദ്ദേഹം പാർലമെന്റ‌് അംഗമായത‌്.

സീറ്റ‌് നിഷേധിച്ചതിലും മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികളെ പട്ടികയിൽ കുത്തിത്തിരുകിയതിലും പ്രതിഷേധിച്ച‌് മന്ത്രിയായ  സുരേന്ദ്ര ഗോയലും മുൻ ജനറൽ സെക്രട്ടറി കുൽദീപ‌് ദാൻഖറും എംഎൽഎ ഹാബിബുർ റഹ‌്മാനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.  ബിജെപിയുടെ മുതിർന്ന നേതാവ‌്  ജസ‌്‌വന്ത‌് സിങ്ങിന്റെ മകൻ മാനവേന്ദ്രസിങ‌് കഴിഞ്ഞമാസം ബിജെപിവിട്ട‌് കോൺഗ്രസിൽ ചേർന്നിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top