18 August Saturday

റാഫേൽ കുംഭകോണം; സഭയില്‍ ഒളിച്ചോടി കേന്ദ്രം

സാജൻ എവുജിൻUpdated: Saturday Aug 11, 2018

ന്യൂഡൽഹി > പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിന‌് തിരശ്ശീല വീണപ്പോൾ തെളിയുന്നത്, റാഫേൽ കുംഭകോണത്തിനു മറുപടിയില്ലാതെ ഉഴലുന്ന മോഡിസർക്കാരിന്റെ ചിത്രം. ഖജനാവിന‌് 36,000 കോടി നഷ്ടമുണ്ടാക്കിയ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ഇരുസഭയിലും ആരോപണമുന്നയിച്ചിട്ടും പ്രതിരോധിക്കാൻ കേന്ദ്രത്തിനായില്ല. സമ്മേളനത്തിന്റെ അവസാനനാളിലും റാഫേൽ കത്തിപ്പടർന്നപ്പോഴും ഭരണപക്ഷം നിശ്ശബ്ദം.

രാജ്യം റാഫേൽ ഇടപാട് സംയുക്ത പാർലമെന്ററിസമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യം രാജ്യസഭയിലെ മറ്റു നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന‌് ആവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങളായ എളമരം കരീം, കെ കെ രാഗേഷ്, കെ സോമപ്രസാദ്, ഡി രാജ, ബിനോയ് വിശ്വം, എം പി വീരേന്ദ്രകുമാർ എന്നിവർ വെള്ളിയാഴ്ച നോട്ടീസ് നൽകി. എന്നാൽ, ചെയർ അനുവദിച്ചില്ല. ചർച്ച വന്നാൽ ആരോപണങ്ങൾ പ്രതിരോധിക്കാൻ സർക്കാരിനു കഴിയാത്ത സാഹചര്യമാണ്. ലോക‌്‌സഭയിൽ നടന്ന അവിശ്വാസപ്രമേയചർച്ചയിലും ഈ വിഷയത്തിൽ കേന്ദ്രം ഉരുണ്ടുകളിക്കുകയായിരുന്നു.
|
റാഫേൽ വിമാനവില മൂന്നിരട്ടിയായി ഉയർന്ന കാര്യത്തിലും പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡിനെ കരാറിൽനിന്ന് ഒഴിവാക്കിയതിലും കേന്ദ്രം മൗനത്തിലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധകരാർ റാഫേലിന്റെ ഭാഗമായി ലഭിച്ചുവെന്ന് അനിൽ അംബാനിതന്നെ അവകാശപ്പെട്ടിരുന്നു. 30,000 കോടിയുടെ കരാർ ലഭിച്ചെന്നാണ‌് റിലയൻസ് ഡിഫൻസ് ലിമിറ്റഡ്  പ്രഖ്യാപിച്ചത‌്.  2015 മാർച്ച് 28നാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തതെന്ന് കോർപറേറ്റ് മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. അക്കൊല്ലം ഏപ്രിലിൽ ഫ്രാൻസ് സന്ദർശിച്ച പ്രധാനമന്ത്രി മോഡിയുടെ സംഘത്തിൽ അനിൽ അംബാനിയുമുണ്ടായിരുന്നു. ഏപ്രിൽ പത്തിന‌് മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളന്ദും നടത്തിയ വാർത്താസമ്മേളനത്തിൽ റാഫേൽ കരാർ പ്രഖ്യാപിച്ചു.

“”മോഡിജി തീരുമാനിച്ചു; ഞാൻ പിന്താങ്ങുന്നു’’ എന്നാണ് ഏപ്രിൽ 13ന‌് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ദൂരദർശനോട് പറഞ്ഞത്. മോഡി പാരിസിൽ തീരുമാനമെടുക്കുംമുമ്പ് സർക്കാരിന‌് ഈ കരാറിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ  പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനാൽ സംശയം ഏറുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top