15 October Monday

റഫേല്‍: എച്ച്എഎല്ലിനെ ഒഴിവാക്കിയത് വിമര്‍ശിച്ച് മുന്‍ മേധാവി

സ്വന്തം ലേഖകന്‍Updated: Friday Sep 21, 2018

ന്യൂഡൽഹി
ഫ്രഞ്ച് കമ്പനിയായ ദസോൾട്ടുമായി ചേർന്ന് റഫേൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിൽ എച്ച്എഎല്ലിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്ത് സ്ഥാപനത്തിന്റെ മുൻ മേധാവി രംഗത്ത്. മൂന്നാഴ്ചമുമ്പുമാത്രം എച്ച്എഎല്ലിന്റെ തലപ്പത്തുനിന്ന് വിരമിച്ച ടി സുവർണ രാജുവാണ് മോഡി സർക്കാരിനെ ചോദ്യംചെയ്ത് രംഗത്തുവന്നത്. ദസോൾട്ടുമായുള്ള കരാർ സർക്കാർ പൂർത്തീകരിച്ചിരുന്നെങ്കിൽ റഫേൽ വിമാനങ്ങൾ എച്ച്എഎൽ നിർമിക്കുമായിരുന്നുവെന്ന് രാജു വ്യക്തമാക്കി. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും എച്ച്എഎൽ ചെയർമാനും എംഡിയുമായിരുന്ന രാജു ആവശ്യപ്പെട്ടു. 25 ടൺ ഭാരമുള്ള നാലാം തലമുറ സുഖോയ്‐30 യുദ്ധവിമാനങ്ങൾ എച്ച്എഎൽ നിർമിക്കുന്നുണ്ട്. റഫേൽ വിമാനങ്ങൾ നിശ്ചയമായും നിർമിക്കാമായിരുന്നു.

20 വർഷമായി ദസോൾട്ട് നിർമിക്കുന്ന മിറാഷ്‐2000 വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും മറ്റും എച്ച്എഎല്ലാണ് നടത്തുന്നത്. മിറാഷിന്റെ കാര്യത്തിൽ ഏറെ സങ്കീർണമായ നിലവാരം ഉയർത്തലടക്കം എച്ച്എഎൽ നിർവഹിക്കുന്നുണ്ട്. അഞ്ചുവർഷമായി റഫേലിനായുള്ള സാങ്കേതിക സംഘത്തിന്റെ തലവനായിരുന്നു താൻ. നിർമാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കിയിരുന്നു.

ഒരുപക്ഷേ, എച്ച്എഎൽ നിർമിക്കുന്ന വിമാനങ്ങൾക്ക് തുടക്കത്തിൽ ചെലവ് അധികമായിരിക്കും. പക്ഷേ, ഇന്ത്യയിൽത്തന്നെ സൈനിക വേദികളൊരുക്കുകയെന്നത് തന്ത്രപര തീരുമാനമാണ്. അത് അടിയന്തര ചെലവിനെമാത്രം ആശ്രയിച്ച് എടുക്കേണ്ടതല്ല. വിമാനങ്ങളുടെ ആജീവനാന്ത ചെലവുകൂടി പരിഗണിക്കേണ്ടതുണ്ട്. എച്ച്എഎല്ലാണ് നിർമാണമെങ്കിൽ ആജീവനാന്ത ചെലവ് എന്തായാലും കുറവായിരിക്കും. പിന്നെ ഇത് സ്വയംപര്യാപ്തതയുടെകൂടി വിഷയമാണ്.

ദസോൾട്ടിന് ചിലപ്പോൾ വേഗത്തിൽ വിമാനങ്ങൾ നിർമിക്കാനാകും. അവർക്ക് 100 വിമാനം നൂറ് മണിക്കൂർകൊണ്ട‌് നിർമിച്ചാൽ എച്ച്എഎല്ലിന് 200 മണിക്കൂർ വേണ്ടിവന്നേക്കാം. കാരണം, എച്ച്എഎൽ ഈ നിർമാണം ആദ്യം ചെയ്യുകയാണ്. ഇതൊരു ശാസ്ത്രീയ പ്രക്രിയയാണ്. മാത്രമല്ല, വിമാനങ്ങൾക്ക് ഗാരന്റി നൽകാൻ എച്ച്എഎൽ ഒരുക്കമായിരുന്നു. സർക്കാർ ഫയലുകൾ പുറത്തുവിടണം. ഗാരന്റി കാര്യവും മറ്റും അപ്പോൾ ബോധ്യപ്പെടും‐ രാജു പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top