24 September Monday

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ‌്റ്റ‌്: പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍Updated: Thursday Aug 30, 2018

ന്യൂഡൽഹി > ഇടത്, പൗരാവകാശ, മനുഷ്യാവകാശ പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി അറസ്റ്റ്‌ചെയ്തതിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളും പ്രമുഖവ്യക്തികളും സർക്കാർ നടപടിയെ അപലപിച്ചു. ന്യൂഡൽഹി ജന്തർ മന്ദറിൽ വ്യാഴാഴ്ച വൈകിട്ട് നാലിന‌് വിവിധ സംഘടനകൾ പ്രതിഷേധസംഗമം നടത്തും. രാജ്യത്തെ അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് ഇർഫാൻ ഹബീബ്, മദൻഗോപാൽസിങ്, പ്രഭാത് പട്‌നായിക്, വിവാൻ സുന്ദരം, സി പി ചന്ദ്രശേഖരൻ, ശശികുമാർ, എം കെ റെയ്‌ന, അനിൽ ചന്ദ്ര, റാം റഹ്മാൻ, സോയ ഹസൻ, ജയതി ഘോഷ് ഷിറിൻ ഗാന്ധി തുടങ്ങിയവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യം ഗുരുതരഭീഷണി നേരിടുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അമിതാധികാര വാഴ്ചക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കവി  സച്ചിദാനന്ദൻ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെ സിഐടിയു അപലപിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് സിഐടിയു പറഞ്ഞു. അറസ്റ്റിലായവരെ ഉടൻ മോചിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവത്തെ മസ്ദൂർ കിസാൻ ശക്തി സംഘാടൻ(രാജസ്ഥാൻ) അപലപിച്ചു. നിയമസംവിധാനങ്ങളെ ദുരുപയോഗംചെയ്യുന്നത് ജനാധിപത്യത്തെ പരിഹാസ്യമാക്കുമെന്ന് സംഘാടൻ ഭാരവാഹികളായ അരുണ റോയ്, നിഖിൽ ഡേ, ശങ്കർ സിങ് എന്നിവർ പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top