20 September Thursday

വേതനം വർധിപ്പിച്ചു ; തപാൽസമരം വിജയം

എം പ്രശാന്ത്Updated: Thursday Jun 7, 2018

 


ന്യൂഡൽഹി
മഹാരാഷ്ട്രയിലെ കർഷക സമരത്തിനു ശേഷം രാജ്യം കണ്ട  ഏറ്റവും വലിയ സമരമുന്നേറ്റത്തിനു മുന്നിൽ ഒടുവിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി. മൂന്നു ലക്ഷത്തിലേറെ ഗ്രാമീൺ ഡാക‌് സേവക‌്മാർ (ജിഡിഎസ്) വേതന വർധന ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി നടത്തിയ പണിമുടക്ക് വിജയം. ജിഡിഎസ് വേതന പരിഷ്കരണത്തിന്  കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

കേന്ദ്രം നിയോഗിച്ച കമലേശ്ചന്ദ്ര കമ്മിറ്റി ശുപാർശ അടിസ്ഥാനത്തിലുള്ള വേതന വർധന അനുവദിക്കും. വേതനത്തിൽ 56 ശതമാനത്തോളം വർധനയുണ്ടാകും. ഇതോടെ, എൻഎഫ്പിഇ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ തുടർന്നുവന്ന പണിമുടക്ക് പിൻവലിച്ചു. ജിഡിഎസ് വേതന പരിഷ്കരണം കേന്ദ്രസർക്കാരിന് 2018‐19 വർഷത്തിൽ 1257.75 കോടി രൂപയുടെ ബാധ്യത വരുത്തുമെന്ന് വാർത്താവിനിമയ മന്ത്രി മനോജ് സിൻഹ അറിയിച്ചു.

രാജ്യത്തെ തപാൽ മേഖല ഒന്നടങ്കം സ്തംഭിച്ചതോടെ പ്രക്ഷോഭകരുടെ ആവശ്യം അം​ഗീകരിക്കാതെ കേന്ദ്രത്തിനു മറ്റു വഴിയില്ലായിരുന്നു. നിയമാനുസൃതമുള്ള വേതന പരിഷ്കരണം നടപ്പാക്കിയെങ്കിലും ജിഡിഎസുകാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ദീർ‍ഘകാല ആവശ്യം അംഗീകരിച്ചില്ല. കേന്ദ്ര ജീവനക്കാർക്കായി ഏഴാം ശമ്പള കമീഷനെ നിയമിച്ച ഘട്ടത്തിലാണ് ജിഡിഎസ് വേതന പരിഷ്കരണത്തിനായി പോസ്റ്റൽ ബോർഡ് മുൻ അംഗം കമലേശ് ചന്ദ്രയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകിയത്. 2016 നവംബർ 24ന് സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കേന്ദ്രം നടപ്പാക്കാതെ നീട്ടുകയായിരുന്നു.

ജിഡിഎസ് യൂണിയനുകൾ പലവട്ടം തപാൽ വകുപ്പിന് അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ല. കഴിഞ്ഞ മാസം 22ന് ജീവനക്കാർ സമരം തുടങ്ങി. തുടക്കത്തിൽ ജിഡിഎസുകാർക്കൊപ്പം സ്ഥിരം ജീവനക്കാരും പണിമുടക്കിൽ പങ്കുചേർന്നു. ഗ്രാമീണ മേഖലയിൽ തപാൽ സേവനം പൂർണമായി സ്തംഭിച്ചു. വിവിധ രാഷ്ട്രീയ പാർടികളും സംഘടനകളും പണിമുടക്കിന് പിന്തുണയുമായി രംഗത്തുവന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രക്ഷോഭകരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.  പണിമുടക്കിൽ പങ്കെടുത്ത തപാൽ ജീവനക്കാരെ കേന്ദ്ര ജീവനക്കാരുടെയും തൊഴിലാളികളുടെയും കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം കൃഷ്ണൻ അഭിവാദ്യം ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top