20 January Sunday

പഞ്ചാബ് നാഷണൽ ബാങ്കിൽ 11,500 കോടിയുടെ തട്ടിപ്പ്

സാജൻ എവുജിൻUpdated: Thursday Feb 15, 2018ന്യൂഡൽഹി > പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) മുംബൈയിലെ ശാഖകളിലൊന്നിൽ 11,500 കോടി രൂപയുടെ തട്ടിപ്പ്. അനധികൃത ഇടപാടുകൾ വഴി തുക വിദേശത്തെ ചില അക്കൗണ്ടുകളിലേക്കാണ് കടത്തിയതെന്നു കണ്ടെത്തി. 'ഡയമണ്ട് രാജാവ്' എന്ന് അറിയപ്പെടുന്ന ശതകോടീശ്വരനായ ആഭരണ ഡിസൈനർ നീരവ് മോഡിക്കും ആഭരണവ്യാപാര കമ്പനിക്കുമെതിരെ ബാങ്ക് അധികൃതർ സിബിഐയ്ക്ക് പരാതി നൽകി.

പിഎൻബിയുമായി ബന്ധപ്പെട്ട സമാനമായ മറ്റൊരു തട്ടിപ്പുകേസിൽ നീരവ് മോഡി (48), ഭാര്യ എമ്മി, സഹോദരൻ നിഷാൽ, വ്യാപാരപങ്കാളി ചിനുഭായി ചോക്‌സി എന്നിവർക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. കൂടുതൽ ബാങ്കുകൾക്ക് തട്ടിപ്പിൽ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.
വമ്പൻ തട്ടിപ്പിന്റെ വിവരം പുറത്തുവന്നതോടെ പിഎൻബിയുടെ ഓഹരിമൂല്യം 9.8 ശതമാനംവരെ ഇടിഞ്ഞു. നിക്ഷേപകർക്ക് 3884 കോടി രൂപ നഷ്ടമായി. കഴിഞ്ഞവർഷത്തെ ലാഭമായ 1324 കോടി രൂപയുടെ എട്ട് മടങ്ങോളംവരും തട്ടിയെടുത്ത തുക. മുംബൈ ബ്രാഡി ഹൗസ് ശാഖയിലായിരുന്നു തട്ടിപ്പ്. 6941 ശാഖയുള്ള പിഎൻബിയുടെ ഒരു ശാഖയിൽനിന്ന് മാത്രം ഇത്രയും തുക തട്ടിയെടുത്തതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. ഏതാനും ജീവനക്കാർ  മാത്രം വിചാരിച്ചാൽ ഇത്രത്തോളം തുകയുടെ വെട്ടിപ്പ് നടക്കില്ലെന്ന് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

കൃത്രിമ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശത്തെ ചില അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തതെന്ന് പിഎൻബി പത്രക്കുറിപ്പിൽ പറഞ്ഞു. നിയമപാലകർക്ക് എല്ലാ വിവരവും നൽകിയിട്ടുണ്ടെന്നും സുതാര്യമായ ബാങ്കിങ്ങിന് പിഎൻബി പ്രതിജ്ഞാബദ്ധമാണെന്നും പത്രക്കുറിപ്പിൽ അവകാശപ്പെട്ടു. അതേസമയം, വിദേശത്തെ അക്കൗണ്ടുകളിൽ എത്തിയ തുകയുടെ ഉറപ്പിൽ വായ്പയായി കൂടുതൽ പണം തട്ടിയെടുത്തിരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
കഴിഞ്ഞ അഞ്ചിനാണ് 280 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നീരവ് മോഡിക്കും മറ്റുള്ളവർക്കുമെതിരെ പിഎൻബി പരാതി നൽകിയത്. നീരവ് മോഡിയും കുടുംബാംഗങ്ങളും ചിനുഭായിയും പങ്കാളികളായി നടത്തുന്ന ഡയമണ്ട് ആർയുഎസ്, സോളാർ എക്‌സ്‌പോർട്ട്‌സ്, സ്റ്റെല്ലാർ ഡയമണ്ട് എന്നീ സ്ഥാപനങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്. ബാങ്ക് ജീവനക്കാരായ ഗോകുൽനാഥ് ഷെട്ടി, മനോജ് ഹനുമന്ത് എന്നിവരുടെ പേരിലും ബാങ്ക് പരാതി നൽകി. ബാങ്കിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തു.

ഇതിന് പിന്നാലെയാണ്  11,500 കോടിയുടെ തട്ടിപ്പ് പുറത്തുവരുന്നത്.  ഇതോടെ ഒരു ഡെപ്യൂട്ടി മാനേജർ അടക്കം ഒമ്പതു ജീവനക്കാരെ പിഎൻബി സസ്‌പെൻഡ് ചെയ്തു. പിഎൻബിയിലെ ഭീമമായ തട്ടിപ്പ് സാമ്പത്തികലോകത്ത് ആശങ്കയും ഉൽക്കണ്ഠയും സൃഷ്ടിച്ച സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ധനസേവന സെക്രട്ടറി രാജീവ്കുമാർ പ്രതികരിച്ചു.

ബെൽജിയത്തിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന നീരവ് മോഡി 2016ൽ ഫോർബ്‌സിന്റെ സമ്പന്നപട്ടികയിൽ  84ാം സ്ഥാനത്തായിരുന്നു. 2010ൽ  ഡയമണ്ട് ആഭരണവ്യാപാര ശൃംഖല സ്ഥാപിച്ചു. മുംബൈ ആസ്ഥാനമായ നീരവ് ഡയമണ്ട് ജ്വല്ലറിക്ക് 16 ലോകനഗരങ്ങളിൽ ശാഖകളുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top