19 September Wednesday

ഇന്ധനവില കത്തുന്നു ; പെട്രോൾ, ഡീസൽ വിലക്കയറ്റം തുടരുന്നു

സാജൻ എവുജിൻUpdated: Saturday Sep 8, 2018


ന്യൂഡൽഹി
സാധാരണക്കാരന്റെ ജീവിതത്തെയാകെ പൊള്ളിച്ച് രാജ്യത്ത് പെട്രോൾ, ഡീസൽ വിലക്കയറ്റം തുടരുന്നു. മെട്രോനഗരങ്ങളിൽ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള മുംബൈയിൽ പെട്രോൾ ലിറ്ററിന‌് 87.40 രൂപയും ഡീസൽ ലിറ്ററിന‌് 76.51 രൂപയുമായി. രണ്ടു ദിവസത്തിനിടെ പെട്രോളിന‌് 69 പൈസയും ഡീസലിന്  77 പൈസയും കൂട്ടി. ആഗസ്ത് 15നുശേഷം പെട്രോൾ ലിറ്ററിന‌് 2.85 രൂപയും ഡീസൽ ലിറ്ററിന‌് 3.35 രൂപയും വർധിപ്പിച്ചു. ഡീസലിന്റെ വിലക്കയറ്റം സർവമേഖലയിലും വിലവർധന രൂക്ഷമാക്കി.

അതേസമയം, വെള്ളിയാഴ‌്ച അസംസ്കൃത എണ്ണവില വീപ്പയ്ക്ക് എട്ട് സെന്റ് ഇടിഞ്ഞ് 76.42 ഡോളറായി. 2010 ജനുവരിയിൽ രാജ്യാന്തരവിപണിയിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 85 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് 55.87 രൂപയും ഡീസൽ ലിറ്ററിന് വില 37.75 രൂപയുമായിരുന്നു.

മോഡിസർക്കാർ അധികാരമേറ്റസമയത്ത് വീപ്പയ്ക്ക് 100 ഡോളറിൽ കൂടുതലായിരുന്നു എണ്ണവില. മാസങ്ങൾക്കുള്ളിൽ എണ്ണവില വീപ്പയ്ക്ക് 35 ഡോളറായി ഇടിഞ്ഞിട്ടും പെട്രോൾ‐ഡീസൽ വില കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാർ തയ്യാറായില്ല. പകരം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒമ്പത് പ്രാവശ്യം കൂട്ടി. അസംസ്കൃത എണ്ണവില തിരിച്ചുകയറിയെങ്കിലും ഡീസൽ‐പെട്രോൾ വില ഇത്രയും ഉയർന്നുനിൽക്കുന്നതിന‌് ന്യായീകരണമില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. വർധിപ്പിച്ച എക്സൈസ് തീരുവകൾ പിൻവലിച്ചാൽത്തന്നെ പെട്രോളിന‌് 12 രൂപയും ഡീസലിന‌് 13.65 രൂപയും കുറയും.

എണ്ണവില വീപ്പയ്ക്ക് 115 ഡോളർവരെ എത്തിയ 2013ൽപോലും പെട്രോൾ‐ഡീസൽവില ഇന്നത്തേതിലും കുറവായിരുന്നു. 2013 ജൂലൈയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന‌് 77.73 രൂപയായിരുന്നു; ഡീസലിന‌് 66.01 രൂപയും. സർക്കാരിന‌് അധിക എക്സൈസ് തീരുവവഴി കിട്ടുന്ന ലക്ഷക്കണക്കിനു കോടി രൂപയ്ക്കു പുറമെ എണ്ണവിപണന കമ്പനികൾക്കും ഇപ്പോഴത്തെ പെട്രോൾ‐ഡീസൽ വില കൊള്ളലാഭം നൽകുന്നു. റിലയൻസ്, എസ്സാർ, ടാറ്റ, കെയ്ൺ തുടങ്ങിയ സ്വകാര്യകമ്പനികൾ വിലവർധനയിലൂടെ വൻ നേട്ടമാണ് കൊയ്യുന്നത‌്.

രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളുടെ പ്രയോജനം ആഭ്യന്തരവിപണിയിൽ ലഭ്യമാക്കാനാണ് വിലനിയന്ത്രണത്തിനുള്ള അധികാരം കമ്പനികൾക്ക് നൽകുന്നതെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.

പെട്രോളിന്റെ വിലനിയന്ത്രണാവകാശം യുപിഎ സർക്കാരും ഡീസലിന്റേത് മോഡിസർക്കാരുമാണ് കമ്പനികൾക്ക് വിട്ടുകൊടുത്തത്.
അതിനിടെ, ഡോളറിന‌് 71.80 എന്ന നിരക്കിൽ രൂപയുടെ പ്രകടനം മോശമായി തുടരുകയാണ്‌.റ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top