Top
19
Monday, February 2018
About UsE-Paper

'പത്മാവത്' റിലീസ് ഇന്ന് ;ബിജെപി സംസ്ഥാനങ്ങളിൽ വ്യാപക അക്രമം

Thursday Jan 25, 2018
വെബ് ഡെസ്‌ക്‌


ന്യൂഡൽഹി > ബോളിവുഡ് ചിത്രം 'പത്മാവത്' വ്യാഴാഴ്ച രാജ്യവ്യാപക റിലീസിന് ഒരുങ്ങവെ, തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപക അക്രമം.  കർണിസേന പ്രവർത്തകർ ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. കടകൾ ബലമായി അടപ്പിച്ചും വാഹനങ്ങൾ തല്ലിത്തകർത്തും അക്രമികൾ അഴിഞ്ഞാടി. നിരവധിപേർക്ക് പരിക്കേറ്റു. വ്യാപക അക്രമം തുടരുന്നതിനാൽ ചിത്രം പ്രദർശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിയറ്റർ ഉടമകൾ. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മൾട്ടിപ്ലക്‌സുകളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ചിത്രത്തിന്റെ പ്രദർശനം വിലക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. എന്തുവില കൊടുത്തും ചിത്രത്തിന്റെ പ്രദർശനം തടയുമെന്ന് കർണിസേന ആവർത്തിച്ചു.

രാജസ്ഥാനിൽ വ്യാപക അക്രമത്തെ തുടർന്ന് ഡൽഹി-ജയ്പുർ പാതയിൽ ഗതാഗതം മുടങ്ങി. അക്രമികൾ ടയറുകൾ കത്തിച്ച് ഡൽഹി-അജ്മീർ പാതയിലെ ഗതാഗതം തടഞ്ഞു. കർണിസേന പ്രവർത്തകർ ആക്രമണം നടത്തിയതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്തോർകോട്ട അടച്ചു. തിയറ്ററുകൾക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ അക്രമികൾ ഗതാഗതം തടസ്സപ്പെടുത്തി. സൊഹാനയിൽ ഒരു ബസ് കത്തിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിൽ സ്‌കൂൾ ബസിനുനേരെ ആൾക്കൂട്ടം കല്ലെറിഞ്ഞു. ജിഡി ഗോയങ്ക വേൾഡ് സ്‌കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നത്. ചില്ലുകൾ അടിച്ചുപൊട്ടിച്ചു.

സീറ്റുകൾക്കിടയിൽ മറഞ്ഞിരുന്നാണ് കുട്ടികൾ കല്ലേറിൽനിന്ന് രക്ഷപ്പെട്ടത്. ഭയചകിതരായ കുട്ടികൾ നിലവിളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ലഖ്‌നൗവിൽ പ്രതിഷേധക്കാർ സിനിമ പ്രദർശിപ്പിക്കുന്നത് തടയാൻ എന്തുംചെയ്യുമെന്ന് ഭീഷണി മുഴക്കി. ഇറ്റാവയിൽ വാഹനങ്ങൾ തകർക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തവർക്കെതിരെ പൊലീസ് ലാത്തിവീശി. ഗുജറാത്തിൽ അക്രമസംഭവങ്ങളിൽ 100 പേർക്കെതിരെ കേസെടുത്തു. അഹമ്മദാബാദിൽ ചൊവ്വാഴ്ച രാത്രി 30ഓളം ഇരുചക്രവാഹനം കത്തിച്ചവർക്കെതിരെ പൊലീസ് വെടിവച്ചു. അക്രമികളെ നേരിടാൻ ഗുജറാത്തിൽ ആവശ്യത്തിന് പൊലീസ് രംഗത്തില്ല.

'പത്മാവത്' റിലീസ് ചെയ്യാൻ രജ്പുത് സംഘടനകൾ അനുവദിക്കില്ലെന്ന് കർണിസേന തലവൻ ലോകേന്ദ്രസിങ് കൽവി വീണ്ടും ഭീഷണി മുഴക്കി. സഞ്ജയ് ലീലാ ബൻസാലി ചിത്രം 'പത്മാവതി'യുടെ പേര് 'പത്മാവത്' എന്ന് തിരുത്തിയതടക്കം സെൻസർ ബോർഡ് നിർദേശിച്ച എല്ലാ മാറ്റവും വരുത്തിയാണ് റിലീസ് ചെയ്യുന്നത്.

Related News

കൂടുതൽ വാർത്തകൾ »