23 July Monday

ഭരണം പിടിക്കാൻ വീണ്ടും ‘ഓപ്പറേഷൻ കമല’

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


ബംഗളൂരു>പത്തുവർഷംമുമ്പ‌് ബിജെപി നടപ്പാക്കിയ ഓപ്പറേഷൻ കമലയുടെ തനിയാവർത്തനത്തിലൂടെ കർണാടകം ഭരിക്കാനുള്ള നീക്കത്തിലാണ‌് ബിജെപി. കുതിരക്കച്ചവടത്തിലൂടെ എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിച്ച‌് ഭൂരിപക്ഷം ഉറപ്പിക്കാനാണ‌് ബിജെപി ശ്രമം. 2008 ലും ബി എസ‌് യെദ്യൂരപ്പ സർക്കാരിന‌് ഭൂരിപക്ഷത്തിന‌് മൂന്നുപേരുടെ കുറവുണ്ടായിരുന്നു. ഖനി മാഫിയ തലവനും മന്ത്രിയുമായ ജി ജനാർദന റെഡ്ഡിയുടെ നേതൃത്വത്തിൽ ശതകോടികൾ ചെലവിട്ട‌്  ‘ഓപ്പറേഷൻ കമല’ എന്ന പേരിൽ അഞ്ച‌് എംഎൽഎമാരെ വിലക്കെടുത്ത‌ു.

ഇത്തവണ 50 കോടിയും മന്ത്രിപദവിയും വാഗ‌്ദാനം ചെയ‌്താണ‌് കോൺഗ്രസ‌്, ജെഡിഎസ‌് എംഎൽഎമാരെയും രണ്ട‌് സ്വതന്ത്രരെയും ഒപ്പം നിർത്താനുള്ള ശ്രമം. ഭൂരിപക്ഷം തെളിയിക്കാൻ വഴിതെളിഞ്ഞില്ലെങ്കിൽ സഭയുടെ ആകെ അംഗബലത്തിൽ കുറവ‌് വരുത്തി മേധാവിത്വം തെളിയിക്കുക എന്നതാണ‌് ബിജെപി ലക്ഷ്യമിടുന്നത‌്. 224 അംഗസഭയിൽ 222 ഇടത്തായിരുന്നു തെരഞ്ഞെടുപ്പ‌്.  കുമാരസ്വാമി രണ്ടിടത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാൽ നിലവിൽ സഭയുടെ അംഗബലം 221 ആണ‌്.

കേവലഭൂരിപക്ഷത്തിന‌് 111 അംഗങ്ങളുടെ പിന്തുണയാണ‌് വേണ്ടത‌്. ഒരു സ്വതന്ത്രന്റെ പിന്തുണയടക്കം 105 ആണ‌് ബിജെപിക്കുള്ളത‌്. മറ്റൊരു സ്വതന്ത്രനെകൂടി ഒപ്പം നിർത്തിയാൽ അഞ്ച‌് അംഗങ്ങളുടെ കുറവ‌്. ജെഡിഎസിൽനിന്നും കോൺഗ്രസിൽനിന്നും 11 എംഎൽഎമാരെ വിശ്വാസവോട്ടെടുപ്പ‌് സമയത്ത‌് അകറ്റിനിർത്തുകയോ അല്ലെങ്കിൽ രാജി വയ‌്പിക്കുകയോ ആണ‌് ബിജെപി ലക്ഷ്യമിടുന്നത‌്. ഇങ്ങനെ വന്നാൽ സഭയിലെ മൊത്തം അംഗബലം 210 ആകും.  ഇതിലൂടെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ‌് കണക്കുകൂട്ടൽ. 

കേന്ദ്രമന്ത്രിമാരായ പ്രകാശ‌് ജാവേദ‌്കർ, പിയൂഷ‌് ഗോയൽ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് ബിജെപി കരുക്കൾ നീക്കുന്ന‌ത‌്. ഇതിനിടെ, ഏതാനും എംഎൽഎമാരെയും സ്വതന്ത്രരെയും തങ്ങൾ സമീപിച്ചെന്നും ‘ജനാധിപത്യരീതിയിൽ’  അവരെ ഒപ്പം കൂട്ടുമെന്നും ബിജെപി നേതാവ‌് കെ എസ‌് ഇൗശ്വരപ്പ മാധ്യമങ്ങളോട‌് വ്യക്തമാക്കുകയും ചെയ‌്തു.

പ്രധാന വാർത്തകൾ
Top