14 December Friday

മധ്യപ്രദേശിൽ മുസ്ലിം വിഭാഗത്തിൽ നിന്ന‌് ആകെ നാല‌് സ്ഥാനാർഥികൾ മാത്രം; കോൺഗ്രസിന്‌ മൂന്നും ബിജെപിക്ക്‌ ഒന്നും

സ്വന്തം ലേഖകൻUpdated: Friday Nov 16, 2018

ന്യൂഡൽഹി > മധ്യപ്രദേശിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും 230 അംഗ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം വിഭാഗത്തിൽനിന്നുള്ളത‌് നാല‌് സ്ഥാനാർത്ഥികൾ മാത്രം. നിലവിൽ മുസ്ലിം വിഭാഗത്തിൽനിന്ന‌് ഒരു ‌എംഎൽഎ മാത്രമാണ‌് സംസ്ഥാനത്ത‌് ഉള്ളത‌്. കോൺഗ്രസ‌് എംഎൽഎയായ ആരിഫ‌് അക്വീൽ ഇത്തവണയും ഭോപ്പാൽ നോർത്തിൽ മത്സരിക്കും. ഭോപാൽ സെൻട്രലിൽ ആരിഫ‌് മസൂദ‌്, സിറോൻജ‌ിൽ മഷാറാത്ത‌് ഷഹീദ‌് എന്നിവരാണ‌് മറ്റ‌് രണ്ട‌് കോൺഗ്രസ‌് സ്ഥാനാർത്ഥികൾ‌. ഭോപ്പാൽ നോർത്തിൽ മത്സരിക്കുന്ന ഫാത്തിമ റസൂൽ സിദ്ധിഖിയാണ‌് ബിജെപിയുടെ ഏക മുസ്ലിംസ്ഥാനാർത്ഥി.

1977 മുതൽ ഇതുവരെ ഭോപ്പാൽ നോർത്ത‌് മണ്ഡലത്തിൽ മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരാണ‌് ജയിച്ചിട്ടുള്ളത‌്. 1993ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ‌് ഇതിൽ മാറ്റമുണ്ടായത‌്. 1998 മുതൽ ആരിഫ‌് അക്വീലാണ‌് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത‌്. ഈ സാഹചര്യത്തിലാണ‌് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്താൻ ബിജെപി തയാറായത‌്. ഭോപ്പാൽ നോർത്ത‌ിനൊപ്പം 25ഓളം മണ്ഡലങ്ങളിൽ മുസ്ലിം സമുദായ വോട്ടുകൾ നിർണ്ണായകമാണ‌്.

മുസ്ലിം സ്ഥാനാർത്ഥികൾക്ക‌് വിജയ സാധ്യത ഇല്ലെന്നാണ‌് അവരെ ഒഴിവാക്കുന്നതിനുള്ള കാരണമായി ബിജെപിയും കോൺഗ്രസും ഒരുപോലെ പറയുന്നത‌്. 2011ലെ സെൻസസ‌് പ്രകാരം  ജനസംഖ്യയിൽ 6.5 ശതമാനമാണ‌് മുസ്ലിങ്ങൾ (47 ലക്ഷം ആളുകൾ). ഇതുപ്രകാരം 15 മുതൽ 20 എംഎൽഎമാരുടെ ആനുപാതിക പ്രാതിനിധ്യമാണ‌് നിയമസഭയിൽ ഉണ്ടാകേണ്ടത‌്. എന്നാൽ കഴിഞ്ഞ രണ്ട‌് പതിറ്റാണ്ടായി പ്രധാനരാഷ‌്ട്രീയ പാർടികൾ മുസ്ലിം സ്ഥാനാർത്ഥികളെ അവഗണിക്കുകയാണ‌്. ബാബ‌്റി മസ‌്ജിദ‌് തകർത്ത 1992നുശേഷമാണ‌് ഈ അവഗണന പ്രകടമായതെന്ന‌് കണക്കുകൾ ഉദ്ധരിച്ച‌് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ‌് ഭരണത്തിലിരിക്കെ നടന്ന മണ്ഡലം പുനർ നിർണ്ണയവും ഈ അവഗണനയ‌്ക്ക‌് ആക്കം കൂട്ടി.

1985ൽ കോൺഗ്രസിൽനിന്ന‌് ഏഴും ബിജെപിയിൽനിന്ന‌് രണ്ടും ഒരു സ്വതന്ത്രനുമടക്കം 10 മുസ്ലിം സ്ഥാനാർത്ഥികൾ മത്സരിച്ചു. ഏഴ‌്പേർ ജയിച്ചു. 1990ൽ ഇത‌് യഥാക്രമം മൂന്നും പൂജ്യം ഒന്ന‌് എന്ന ക്രമത്തിലായി. സ്വതന്ത്രനടക്കം നാലുപേരും ജയിച്ചു.  യുപിയിൽ ബാബ‌്റി മസ‌്ജിദ‌് തകർക്കപ്പെട്ടതിനുശേഷം 1993ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയേയും ബിജെപി മത്സരിപ്പിച്ചില്ല. കോൺഗ്രസിന്റെ ആറുപേരും ഒരു ജനതാദളും അടക്കം മുസ്ലിം സ്ഥാനാർത്ഥികളിൽ ആരും ജയിച്ചില്ല. 1990 മുതൽ 2008 വരെ ഒരു മുസ്ലിം സ്ഥാനാർത്ഥിയേയും ബിജെപി മത്സരിപ്പിച്ചില്ല. പിന്നീട‌് 2013ൽ ഒരു സ്ഥാനാർത്ഥിയെ ബിജെപി മത്സരിപ്പിച്ചു. കോൺഗ്രസിന്റെ അഞ്ച‌് മുസ്ലിം സ്ഥാനാർത്ഥികൾ മത്സരിച്ചു. ആരിഫ‌് അക്വീൽ മാത്രമാണ‌് ജയിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top