19 November Monday

നിരോധനങ്ങള്‍ തുടരുന്നു; രാഷ്‌ട്രപതിഭവനിൽ ഇഫ്‌താറിന‌് വിലക്ക‌്

സ്വന്തം ലേഖകൻUpdated: Thursday Jun 7, 2018

ന്യൂഡൽഹി > രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായശേഷമുള്ള ആദ്യ ഇഫ്‌‌‌താർ രാഷ്‌ട്രപതിഭവൻ വേണ്ടെന്നുവച്ചു. മതപരമായ ചടങ്ങുകൾ രാഷ്ട്രപതിഭവനിൽ തടത്തേണ്ടെന്ന തീരുമാനപ്രകാരമാണ‌് ഇതെന്നാണ് വിശദീകരണം. ക്രിസ്‌‌‌മസിന് കരോൾ ഗാനം ആലപിക്കുന്ന ചടങ്ങ് കഴിഞ്ഞ ഡിസംബറിൽ നടത്തിയിരുന്നില്ല. എന്നാൽ, ദീപാവലിദിവസം വൈകിട്ട് രാഷ്‌ട്രപതിഭവനിൽ പ്രത്യേക ദീപാലങ്കാരങ്ങൾ നടത്തി. രക്ഷാബന്ധൻ ദിനത്തിൽ കുട്ടികൾ രാംനാഥ് കോവിന്ദിന്റെ കൈയിൽ രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങും നടന്നു.

രാഷ്‌ട്രപതിഭവനിൽ നടക്കുന്ന ഇഫ്താർ വിരുന്നിൽ പ്രധാനമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷപാർടി നേതാക്കളും പങ്കെടുക്കുന്നതാണ് കീഴ‌്‌‌‌വഴക്കം. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷം രാഷ്ട്രപതിഭവനിൽ നടന്ന ഒരു ഇഫ്‌‌താർ വിരുന്നിലും പങ്കെടുത്തിട്ടില്ല. രാഷ്‌ട്രപതിഭവനിൽ മതപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് കാലങ്ങളായി തുടരുന്ന രീതിയാണെന്നും പ്രകൃതിദുരന്തം, ഭീകരാക്രമണങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽമാത്രമാണ് ഇത്തരം ചടങ്ങുകൾ ഒഴിവാക്കപ്പെട്ടിട്ടുള്ളതെന്നും മുൻ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതിഭ പാട്ടീൽ രാഷ്‌ട്രപതിയായിരിക്കെ 2008ൽ ക്രിസ്‌‌മസ് ആഘോഷം ഉപേക്ഷിച്ചിരുന്നു. നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങ് ഉപേക്ഷിച്ചത്. എ പി ജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കെ ഇഫ്‌‌‌താർ വിരുന്നിനായുള്ള തുക അനാഥാലയങ്ങൾക്ക് കൈമാറിയിരുന്നു. പ്രതിഭ പാട്ടീലിന്റെയും പ്രണബ് മുഖർജിയുടെയും കാലത്ത് ഇഫ്‌‌താർ സംഘടിപ്പിച്ചു. അധികാരമേറ്റശേഷമുള്ള നാല് ഇഫ്‌താർ വിരുന്നും മോഡി ഒഴിവാക്കി. കഴിഞ്ഞവർഷം പ്രണബ് മുഖർജി സംഘടിപ്പിച്ച ഇഫ്‌‌താർ വിരുന്നിൽ ബിജെപി മന്ത്രിമാരാരും പങ്കെടുത്തില്ല.

പ്രധാന വാർത്തകൾ
Top