16 November Friday

നിപാ വൈറസ്‌ ഉറവിടം പഴംതീനി വവ്വാൽതന്നെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

കൊച്ചി> നിപാ വൈറസ്‌ ബാധയുടെ ഉറവിടം പഴംതീനി വവ്വാൽതന്നെയെന്ന്‌ വ്യക്‌തമായി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌.വൈറസ്‌ ബാധയുണ്ടായ കോഴിക്കോട്‌ പേരാമ്പ്രയിൽനിന്ന്‌ രണ്ടാംഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിലാണ്‌ ഇവ കണ്ടെത്തിയത്‌. ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ സംഘമാണ്‌ സ്‌ഥിരീകരിച്ച്‌ റിപ്പോർട്ട്‌ നൽകിയത്‌. 

നിപ്പ ആദ്യം റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിലെ ചങ്ങരോത്തിൽ നിന്നും ടെസ്റ്റിനു വേണ്ടി ശേഖരിച്ച ആദ്യ ബാച്ച് വവ്വാലുകളിൽ നിപ്പ വൈറസ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാമത്തെ ബാച്ച് വവ്വാലുകളിൽ നടത്തിയ ടെസ്റ്റുകളിൽ നിന്നുമാണ് വൈറസിൻ്റെ ഉറവിടം വവ്വാലുകൾ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്.ആദ്യതവണ പരീക്ഷണങ്ങൾ നടത്തിയ 21 വവ്വാലുകൾ പ്രാണികളെ ഭക്ഷിക്കുന്നവ ആയിരുന്നു. അവയിൽ വൈറസ് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ശേഖരിച്ച 55 വവ്വാലുകളിൽ പഴം ഭക്ഷിക്കുന്നവയും ഉൾപ്പെട്ടിരുന്നു. അവയിലാണ് നിപ്പ വൈറസിനെ കണ്ടെത്താൻ സാധിച്ചത്.

കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ്‌ നിപാ പനി ബാധിച്ച്‌  മരിച്ചത്‌.നിപാ ബാധയെ പ്രതിരോധിക്കുന്നതിൽ കേരളം അതീവജാഗ്രതയാണ്‌ പുലർത്തിയത്‌. ജൂലൈ ഒന്നിന്‌ മലപ്പുറവും കോഴിക്കോടും നിപാ വിമുക്‌ത ജില്ലകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
 

പ്രധാന വാർത്തകൾ
Top