ad
Deshabhimani

പിഴയടച്ചിട്ടും മോചനമില്ലാതെ ഇറാനില്‍ 15 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 08, 2017, 07:29 PM | 0 min read



മനാമ > പിഴയടച്ചിട്ടും മോചനമാകാതെ 15 ഇന്ത്യക്കാരടക്കം 21 മീന്‍പിടുത്ത തൊഴിലാളികള്‍ ഇറാന്‍തടവില്‍ കടുത്ത ദുരിതത്തില്‍. ബഹ്റൈനില്‍നിന്നു മീന്‍പിടിക്കാന്‍ പോയ ഇവര്‍ സമുദ്രാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ നാലുമാസമായി ഇറാന് തെക്കുള്ള കിഷ്ദ്വീപില്‍ തടവിലാണ്. മതിയായ ഭക്ഷണമോ മരുന്നോ വെള്ളമോ ഇവര്‍ക്ക് കിട്ടുന്നില്ല.

ഇവരുടെ ഗുരുതരാവസ്ഥ കാണിച്ച് തെഹ്റാനിലെ ഇന്ത്യന്‍ എംബസിക്ക് ജനുവരിയില്‍ കത്തയച്ചിരുന്നുവെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലാളികളുടെ അവസ്ഥ നാള്‍ക്കുനാള്‍ മോശമാകുകയാണ്.

കന്യാകുമാരി, തിരുനെല്‍വേലി, രാമനാഥപുരം, കുളച്ചല്‍ തുടങ്ങി തമിഴ്നാട്ടിലെ തീരദേശമേഖലയില്‍നിന്നുള്ളവരാണ് തടവില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ ആറു ബംഗ്ളാദേശുകാരുമുണ്ട്. ബഹ്റൈനില്‍നിന്നു മൂന്നുബോട്ടുകളില്‍ പോയ തൊഴിലാളികളെ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്. ദിശതെറ്റി ഇറാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് അറിയാതെ കടന്നതായിരുന്നു ഇവര്‍.

മോചനത്തിനായി ഇറാന്‍ കോടതി ആവശ്യപ്പെട്ട പിഴ സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. ബന്ധുക്കള്‍ ബഹ്റൈനിലെ ഇന്ത്യന്‍എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പലരും കടുത്ത രോഗങ്ങളുള്ളവരാണെന്ന് ബന്ധുക്കള്‍ എംബസിയെ അറിയിച്ചു. മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ ജീവന്‍ അപകടത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബനാഥന്മാരെക്കുറിച്ച് ഒരു വിവരവുമില്ലാതെ നിരവധി കുടുംബങ്ങളാണ് തമിഴ്നാട്ടില്‍ ആശങ്കയില്‍ കഴിയുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്ന ഇവര്‍ ജയിലിലായതോടെ കുടുംബങ്ങളെല്ലാം പട്ടിണിയിലായി. രാഷ്ട്രപതിക്കും വിദേശമന്ത്രാലയത്തിനും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.


ദുബായില്‍നിന്നു മീന്‍പിടിക്കാന്‍ പോയ മറ്റ് 15 ഇന്ത്യന്‍ തൊഴിലാളികളും ഇറാന്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവരെ ഡിസംബര്‍ 27നാണ് പിടികൂടിയത്. തമിഴ്നാട് ആസ്ഥാനമായ അന്താരാഷ്ട്ര ഫിഷര്‍മെന്‍ ഡെവലപ്മെന്റ് ട്രസ്റ്റ് (ഇന്‍ഫിഡന്റ്) തൊഴിലാളികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home