23 July Monday

ഹാഫിസ് സയീദുമായി വേദി പങ്കിടല്‍ ; പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്‌തീന്‍ തിരിച്ചുവിളിച്ചു

സ്വന്തം ലേഖകന്‍Updated: Sunday Dec 31, 2017

ന്യൂഡല്‍ഹി > മുംബൈ ഭീകരാക്രമണ ആസൂത്രകനും ജമാഅത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദുമായി വേദിപങ്കിട്ട പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ ഇന്ത്യയ്ക്കൊപ്പമായതുകൊണ്ടാണ് നടപടിയെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അദ്നന്‍ അബു അല്‍ ഹെയ്ജ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യ നയതന്ത്രതലത്തില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാനിലെ സ്ഥാനപതിയായ വാലിദ് അബു അലിയെ തിരിച്ചുവിളിച്ചത്.

റാവല്‍പിണ്ടിയില്‍ വെള്ളിയാഴ്ച രാവിലെ ദെയ്ഷെ പാകിസ്ഥാന്‍ സംഘടിപ്പിച്ച റാലിയിലാണ് ഹാഫിസ് സയീദും വാലിദ് അബുഅലിയും വേദി പങ്കിട്ടത്. സയീദിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ദെയ്ഷെ പാകിസ്ഥാന്‍. ഐക്യരാഷ്ട്ര സഭ വിലക്കുകല്‍പ്പിച്ച സയീദുമായി സ്ഥാനപതി വേദിപങ്കിട്ടത് അംഗീകരിക്കാനാകില്ലെന്ന് പലസ്തീന്‍ സര്‍ക്കാരിനെ ഇന്ത്യന്‍ വിദേശ മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരരുമായി ഒരു കാരണവശാലും ബന്ധപ്പെടില്ലെന്ന് പലസ്തീന്‍ മറുപടി നല്‍കി. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം മുന്‍നിര്‍ത്തിയാണ് നിലപാടെന്നും വിഷയത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്നും പലസ്തീന്‍ ഉറപ്പുനല്‍കി.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചഅമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരായ യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ കഴിഞ്ഞദിവസം വോട്ടുരേഖപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെ സയീദുമായി സ്ഥാനപതി വേദിപങ്കിട്ടതാണ് വിവാദമായത്. 2014 ആഗസ്തിലും വാലിദ് അബുഅലി  സയീദുമായി വേദി പങ്കിട്ടിരുന്നു. സയീദുമായി വലിയ അടുപ്പം വാലിദ് അബുഅലിക്ക് ഇല്ലെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അദ്നന്‍ അബു പറഞ്ഞു.പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ പരമ്പരാഗത നിലപാടില്‍നിന്ന് വ്യതിചലിച്ച് ഇസ്രയേലിനോട് മോഡി സര്‍ക്കാര്‍ ആഭിമുഖ്യം കാട്ടുമ്പോഴാണ് തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് പലസ്തീന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

പ്രധാന വാർത്തകൾ
Top