23 September Sunday

ആധാർ വെല്ലുവിളി: ശർമയുടെ അക്കൗണ്ടിൽ ഓരോ രൂപ നിക്ഷേപിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Jul 31, 2018

ന്യൂഡൽഹി > ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളിച്ച ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) തലവൻ ആർ എസ് ശർമയുടെ ബാങ്ക് അക്കൗണ്ടിൽ ഹാക്കർമാർ ഓരോ രൂപവീതം നിക്ഷേപിച്ചു. ആധാറുമായി ബന്ധപ്പെടുത്തിയ ഭീം, പേടിഎം, ഐഎംപിഎസ് ആപ്പുകൾ വഴിയാണ് പണം നിക്ഷേപിച്ചത്. ഇടപാടിന്റെ വിവരങ്ങളും ഐഡിയും ഹാക്കർമാർ ട്വിറ്ററിൽ പോസ്റ്റ‌് ചെയ്തു. ശർമയുടെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് കള്ളപ്പണം വെളിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും വഴിവയ‌്‌‌‌ക്കുമെന്ന് ഒരുകൂട്ടം ഹാക്കർമാർ മുന്നറിയിപ്പ് നൽകി.

ശർമയുടെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടും ഐഎഫ്എസ്സി കോഡും കണ്ടെത്തിയതായി ഹാക്കർമാർ വെളിപ്പെടുത്തി. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ (ജോയിന്റ് അക്കൗണ്ട്), കൊഡാക് മഹീന്ദ്ര, ഐസിഐസിഐ എന്നീ ബാങ്കുകളിലെ അക്കൗണ്ട് നമ്പരുകളാണ് പുറത്തായത്. അനിവർ അരവിന്ദ് എന്ന അക്കൗണ്ടും മറ്റ് അക്കൗണ്ടുകളുമാണ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്ക് ഒരോ രൂപ നിക്ഷേപിച്ചത്.

ശർമയുടെ ഡിമാറ്റ് അക്കൗണ്ട് വിവരങ്ങൾ, സംഘപരിവാർ ചായ്‌‌‌‌‌വുള്ള വെബ്സൈറ്റ് സബ്സ്ക്രൈബ് ചെയ്യുന്നതിന് കഴിഞ്ഞ മൂന്നുവർഷം എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ പണമിടപാട് വിവരങ്ങൾ, ഓർഗാനിക് വസ്തുക്കൾ വാങ്ങുന്നതിന് നടത്തിയ ഇടപാടുകൾ തുടങ്ങിയവയും ഹാക്കർമാർ പുറത്തുവിട്ടു.

ആധാർ സുരക്ഷ സംബന്ധിച്ച് ചൂടേറിയ സംവാദമാണ് ട്വിറ്ററിൽ ഇതിനെത്തുടർന്ന് നടക്കുന്നത‌്. ആധാർ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനായിരുന്നു തന്റെ സ്വകാര്യവിവരങ്ങൾ ചോർത്താൻ ആധാർ നമ്പർ വെളിപ്പെടുത്തി ശർമ വെല്ലുവിളിച്ചത്. ഫ്രഞ്ച് സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൻഡേഴ്സൺ ഉൾപ്പെടെയുള്ളവർ വെല്ലുവിളി ഏറ്റെടുത്ത് ശർമയുടെ 14 വ്യക്തിവിവരം കഴിഞ്ഞദിവസം പുറത്താക്കി. മൊബൈൽ ഫോൺ നമ്പർ, വാട്സാപ് പ്രൊഫൈൽ ചിത്രം, പാൻകാർഡ് വിവരങ്ങൾ, എയർ ഇന്ത്യയിലെ ഫ്രീക്വന്റ് ഫ്ളൈയിങ് നമ്പർ, ജനനത്തീയതി, വിലാസം തുടങ്ങിയവയാണ് പുറത്തുവിട്ടത്.

പ്രധാന വാർത്തകൾ
Top