ad
Deshabhimani

ഗുജറാത്ത് വംശഹത്യക്ക് ഇന്ന് 15 വയസ്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2017, 06:22 PM | 0 min read


ന്യൂഡല്‍ഹി > സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഉയരാന്‍ നരേന്ദ്രമോഡിക്ക് വഴിയൊരുക്കിയ ഗുജറാത്ത് വംശഹത്യ അരങ്ങേറിയിട്ട് 15 വര്‍ഷം.

2002 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്നുവരെ നീണ്ട വംശഹത്യകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ടായിരത്തിലേറെപ്പേര്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും വ്യാപകമായി കൊലചെയ്യപ്പെട്ടു. ഒട്ടേറെ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. പ്രധാന കലാപങ്ങള്‍ അഞ്ചുദിവസമാണ് നടന്നതെങ്കിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മൂന്നു മാസംവരെ അക്രമം തുടര്‍ന്നു. സംഘപരിവാറിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസും പോഷക സംഘടനകളായ വിഎച്ച്പിയും ബജ്രംഗദളുമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കലാപങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീ പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. 2002 ഫെബ്രുവരി 27ന്. 59 പേര്‍ കൊല്ലപ്പെട്ടു. അയോധ്യയില്‍ വിഎച്ച്പി സംഘടിപ്പിച്ച പൂര്‍ണാഹുതി മഹായജ്ഞത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കര്‍സേവകരാണ് തീയില്‍പ്പെട്ട് മരിച്ചത്.

ഗോധ്ര സംഭവം ആസൂത്രിതമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമീഷന്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമീഷനാകട്ടെ തീപിടിത്തം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിലയിരുത്തി. ബോഗിക്കുള്ളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമീഷന്‍ വിലയിരുത്തി.

ഗോധ്രയുടെ മറവില്‍ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ആക്രമിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം നല്‍കി. വിഎച്ച്പി സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള അഞ്ചുദിവസം തലസ്ഥാനമായ അഹമ്മദാബാദ് ഉള്‍പ്പെടെ ഗുജറാത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സംഘപരിവാര്‍ അഴിഞ്ഞാടി. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും വംശഹത്യക്ക് മൌനാനുവാദം നല്‍കി. കലാപകാരികളോട് മൃദുസമീപനം സ്വീകരിക്കാന്‍ മോഡി ആവശ്യപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നു. ഹിന്ദുക്കള്‍ക്ക് പകരം വീട്ടാന്‍ അവസരമൊരുക്കണമെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.

രാജ്യം കണ്ട ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചു. നരോദപാട്യ, ഗുല്‍ബര്‍ഗ സൊസൈറ്റി, ബെസ്റ്റ് ബേക്കറി തുടങ്ങിയ കൂട്ടക്കൊലപാതകങ്ങള്‍ ഇപ്പോഴും ജനമനസ്സില്‍ നില്‍ക്കുന്നു. അഹമ്മദാബാദിന് സമീപത്തുള്ള നരോദപാട്യയിലാണ് ഏറ്റവും കിരാതമായ കൂട്ടക്കൊല നടന്നത്. തീര്‍ത്തും ദരിദ്രരായ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തിങ്ങിക്കഴിഞ്ഞ നരോദപാട്യയില്‍ അയ്യായിരത്തോളം സംഘപരിവാറുകാരാണ് ആക്രമണം നടത്തിയത്. 125 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 36 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടും. ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് ഭ്രൂണം കുത്തിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരതങ്ങള്‍ അരങ്ങേറി.

സ്ഥലം എംഎല്‍എ മായാ കോഡ്നാനിയും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയുമാണ് വംശഹത്യക്ക് നേതൃത്വം നല്‍കിയത്. മായാ കൊദ്നാനിക്ക് പിന്നീട് മോഡി മന്ത്രിപദം നല്‍കി. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി മായയും ബാബുവും അടക്കമുള്ളവരെ ശിക്ഷിച്ചു. 28 വര്‍ഷം തടവാണ് മായക്ക് കിട്ടിയത്.

ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തിലാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എഹ്സാന്‍ ജാഫ്രിയുള്‍പ്പെടെ 69 പേര്‍ കൊലചെയ്യപ്പെട്ടത്. ജാഫ്രി മുഖ്യമന്ത്രി മോഡിയെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമികള്‍ ജാഫ്രിയെ വെട്ടിവീഴ്ത്തിയശേഷം ചുട്ടുകൊന്നു. കോണ്‍ഗ്രസ് നേതാവ് മേഘ്സിങ് ചൌധരി ഉള്‍പ്പെടെയുള്ളവരാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വഡോദരയിലെ ബെസ്റ്റ്ബേക്കറി കത്തിച്ച് 14 പേരെ ചുട്ടുകൊന്നു.

ഗുജറാത്ത് പൊലീസിന്റെ അന്വേഷണം കുറ്റക്കാരെ രക്ഷിക്കും വിധമായിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് നിയമിച്ച പ്രത്യേക അന്വേഷകസംഘം കുറച്ചുപേരെയെങ്കിലും നിയമത്തിന് മുന്നില്‍ എത്തിച്ചു. എന്നാല്‍, മോഡിക്ക് എസ്ഐടി എല്ലാ സംരക്ഷണവും നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home