18 October Thursday

ഭരണഘടനയില്‍നിന്ന് 'മതനിരപേക്ഷത' ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി; ഉദ്ഘാടനച്ചടങ്ങിനെത്താത്ത ഡോക്‌ടര്‍മാര്‍ നക്‌സലൈറ്റുകളായിരുന്നെങ്കില്‍ വെടിവച്ചുകൊല്ലാമായിരുന്നുവെന്ന്‌ കേന്ദ്ര സഹമന്ത്രി

സ്വന്തം ലേഖകന്‍Updated: Wednesday Dec 27, 2017

ന്യൂഡല്‍ഹി > 'മതനിരപേക്ഷത' എന്ന വാക്ക് ഭരണഘടനയില്‍നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സഹമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി അധികാരത്തില്‍ വന്നതെന്നും മതനിരപേക്ഷരാണെന്ന്് പറയുന്നവര്‍ പൈതൃകം ഇല്ലാത്തവരാണെന്നും മന്ത്രി പറഞ്ഞു. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ അനന്തകുമാര്‍ ഹെഗ്ഡെ, കര്‍ണാടകത്തിലെ കൊപ്പല്‍ ജില്ലയില്‍ ബ്രാഹ്മണ യുവ പരിഷത്തിന്റെ പരിപാടിയിലാണ് അപമാനകരമായ പ്രസംഗം നടത്തിയത്.

'മതനിരപേക്ഷത' എന്ന വാക്ക് ഭരണഘടനയില്‍ ഉള്ളതുകൊണ്ട് അതിനെ ഇപ്പോള്‍ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, സമീപഭാവിയില്‍ അതൊഴിവാക്കും. മതനിരപേക്ഷകര്‍ പൈതൃകമോ ആരുടെ രക്തമെന്നോ അറിയാത്തവരാണ്. ആളുകള്‍ മതം തുറന്നുപറയുമ്പോള്‍  സന്തോഷം തോന്നും, മതനിരപേക്ഷരെന്ന് പറയുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. മനുസ്മൃതി പ്രാചീനകാലത്തെ ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അനന്തകുമാര്‍ ഹെഗ്ഡെയ്ക്കെതിരെ കേസ് നിലവിലുണ്ട്. ആശുപത്രിയില്‍വച്ച് ഒരു ഡോക്ടറെ മന്ത്രി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം അടുത്തിടെ പുറത്തുവന്നിരുന്നു.

ഇതിനിടെ, മഹാരാഷ്ട്രയിലെ ചന്ദ്രപുരില്‍ താന്‍ പങ്കെടുത്ത ചടങ്ങില്‍ എത്താത്ത മുതിര്‍ന്ന ഡോക്ട‌‌ര്‍മാര്‍ നക്സലുകള്‍ക്കൊപ്പം ചേരണമെന്നും എങ്കില്‍ വെടിവച്ചുകൊല്ലാമായിരുന്നെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിറിന്റെ പ്രസ്താവന വിവാദമായി. നക്സലുകള്‍ ജനാധിപത്യത്തിന് എതിരാണ്. പരിപാടിക്ക് എത്താത്ത ഡോക്ടര്‍മാര്‍ക്കും ജനാധിപത്യം വേണ്ട. എങ്കില്‍ അവര്‍ നക്സലുകള്‍ക്കൊപ്പം ചേരണം. എങ്കില്‍ അവരെ വെടിവയ്ക്കാമായിരുന്നു. താന്‍ ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ചന്ദ്രപുരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജെനറിക് മരുന്നുകള്‍ക്കുള്ള കൌണ്ടര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. ഉദയ് നവാദെ, മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എസ് എസ് മോര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാതെ അവധിയെടുത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ജില്ലാ കലക്ടര്‍ അഷുതോഷ് സലിലും പരിപാടിയില്‍ പങ്കെടുത്തില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top