16 July Monday

പ്രഗതി മൈതാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ കരാര്‍ : 2 പേരെ സിബിഐ അറസ്റ്റുചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

ഡല്‍ഹി > പ്രഗതി മൈതാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ കരാര്‍ അഴിമതിക്കേസില്‍ 2 പേരെ സിബിഐ അറസ്റ്റുചെയ്തു. ദേശീയ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അനൂപ്കുമാര്‍ മിത്തലിനെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രദീപ്കുമാര്‍ മിശ്ര, ആകാഷ്ദീപ് ചൌഹാന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരെയും നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുവരുടെയും ഡല്‍ഹി, ഗസിയാബാദ്, മുംബൈ ഓഫീസുകളില്‍ സിബിഐ പരിശോധന നടത്തി. അനൂപ്കുമാര്‍ മിത്തലിന്റെ ഓഫീസുകളിലും വീട്ടിലും അടുത്തദിവസം പരിശോധന നടത്തി. 

പ്രഗതി മൈതാനത്ത് 2150 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ എക്സിബിഷന്‍ കേന്ദ്രത്തിന്റെ കരാറുമായി ബന്ധപ്പെട്ടാണ് കേസ്. എന്‍ബിസിസിക്കായിരുന്ന നിര്‍മാണച്ചുമതല. മുംബൈ കേന്ദ്രമായ ഷാപൂര്‍ജി പല്ലോന്‍ജി കമ്പനിക്കായിരുന്നു പ്രധാന കരാര്‍ അനുവദിച്ചത്. അനുബന്ധകരാര്‍ കപ്പാസിറ്റി സ്ട്രക്ച്ചര്‍ എന്ന കമ്പനിക്ക് ലഭിക്കാന്‍ സ്വാധീനം ചെലുത്തിയെന്ന കേസിലാണ് സിബിഐ അറസ്റ്റ്. കപ്പാസിറ്റി സ്ട്രക്ച്ചര്‍ എംഡി സഞ്ജയ് കുല്‍ക്കര്‍ണി സര്‍ക്കാര്‍ ഉദ്യേഗസ്ഥനായ പ്രദീപ്കുമാര്‍ മിശ്രയ്ക്ക് എന്‍ബിസിസി ചെയര്‍മാന്‍ അനൂപ്കുമാര്‍ മിത്തലുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി അനുബന്ധകരാര്‍ തരപ്പെടുത്താന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അനുബന്ധകരാര്‍ കപ്പാസിറ്റി സ്ട്രക്ച്ചറിന് അനുവദിക്കാന്‍ എന്‍ബിസിസി എക്സ്ക്യൂട്ടീവ് ഡയറക്ടറോട് അനൂപ്കുമാര്‍ മിത്തല്‍ ശുപാര്‍ശ ചെയ്തെന്ന് സിബിഐ കണ്ടെത്തി. ഇതിനായി 15നു ഷാപ്പൂര്‍ജി പല്ലോന്‍ജി കമ്പനി പ്രതിനിധികളും സഞ്ജയ്കുല്‍ക്കര്‍ണിയും നടത്തിയ രഹസ്യ ചര്‍ച്ചയില്‍ എന്‍ബിസിസി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

കരാര്‍ ലഭിച്ചതിന്റെ പാരിതോഷികമായി ലഭിച്ച വാഹനം കൈപ്പറ്റുമ്പോഴാണ് ആകാഷ്ദീപ് ചൌഹാനെ സിബിഐ അറസ്റ്റുചെയ്തത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്കും അഴിമതിക്കുമാണ് സിബിഐ കേസെടുത്തത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top