21 October Sunday

റഫേൽ: മോഡിയുടെ പങ്ക‌് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്

സ്വന്തം ലേഖകൻUpdated: Sunday Sep 23, 2018

ന്യൂഡൽഹി > ഇന്ത്യൻ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ അഴിമതിയായ റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക‌് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കടുത്ത പ്രതിരോധത്തിലായ കേന്ദ്രസർക്കാരിന‌് ഉത്തരംമുട്ടി. പ്രതിപക്ഷകക്ഷികളെ  രാജ്യദ്രോഹികളായി ചിത്രീകരിച്ച‌്  ഒളിച്ചോടാനാണ‌് ശ്രമം. ഇന്ത്യയുടെ  നിർദേശപ്രകാരമാണ‌് 59,000 കോടി രൂപയുടെ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ‌് ഡിഫൻസിനെ പങ്കാളിയാക്കിയതെന്ന‌് ഫ്രഞ്ച‌് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ ഓളന്ദ‌്  വെളിപ്പെടുത്തിയതിനോട‌് പ്രതികരിക്കാൻ  പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തയ്യാറായില്ല.

പ്രാഥമിക ധാരണാപത്രത്തിലെ വ്യവസ്ഥകൾ മറികടന്ന‌് 36 റഫേൽ വിമാനം ഇന്ത്യ വാങ്ങുമെന്ന‌് 2015ൽ പ്രഖ്യാപിച്ചത‌് മോഡിയാണ‌്.
ഓളന്ദ‌് തന്റെ നിലപാട‌് ആവർത്തിക്കുമ്പോൾ റഫേൽ നിർമാതാക്കളായ ദസ്സാൾട്ടാണ‌് റിലയൻസിനെ പങ്കാളിയാക്കാൻ തീരുമാനിച്ചതെന്നുമാത്രം ഫ്രഞ്ച‌് സർക്കാർ പറയുന്നു. എന്നാൽ, റഫേൽ കരാറിനായി ദസ്സാൾട്ടും പൊതുമേഖലസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ‌്റോനോട്ടിക‌്സ‌് ലിമിറ്റഡും (എച്ച‌്എഎൽ) തമ്മിലാണ‌് ചർച്ച നടത്തിയത‌്. ദസ്സാൾട്ടും എച്ച‌്എഎല്ലും പ്രതിരോധവകുപ്പും ധാരണയിലേക്ക‌് നീങ്ങുകയാണെന്ന‌് മോഡിയുടെ 2015 ഏപ്രിലിലെ പാരീസ‌് സന്ദർശനത്തിന‌് രണ്ട‌ു ദിവസംമുമ്പ‌്  വിദേശസെക്രട്ടറി എസ‌് ജയ‌്ശങ്കർ മാധ്യമങ്ങളോട‌് പറഞ്ഞിരുന്നു. ഉത്തരവാദിത്തം പങ്കിടാൻ സന്നദ്ധമാണെന്ന എച്ച‌്എഎൽ ചെയർമാന്റെ പ്രസ‌്താവന സ്വാഗതംചെയ്യുന്നതായും അന്തിമകരാർ ഒപ്പിടാൻ കാത്തിരിക്കുകയാണെന്നും ദസ്സാൾട്ട‌് സിഇഒയും ഇതേദിവസങ്ങളിൽ പറഞ്ഞു. ആകെ 126 വിമാനം വാങ്ങാനായിരുന്നു ധാരണ. 18 എണ്ണം ഫ്രാൻസിൽ നിർമിക്കും. സാങ്കേതികവിദ്യ എച്ച‌്എഎല്ലിനു കൈമാറി ബാക്കി ഇന്ത്യയിലും നിർമിക്കാനായിരുന്നു കരാർ. മോഡി പാരീസിൽ നടത്തിയ ചർച്ചകൾക്കുശേഷം എച്ച‌്എഎൽ ചിത്രത്തിനു പുറത്തായി. ഫ്രഞ്ച‌് സർക്കാരുമായി താൻ നേരിട്ട‌്  നടത്തിയ ചർച്ചയിൽ 36 വിമാനം വാങ്ങാൻ ധാരണയായെന്ന‌് മോഡി മാധ്യമങ്ങളോട‌് പ്രഖ്യാപിച്ചു. മുഴുവൻ വിമാനങ്ങളും ഫ്രാൻസിൽ നിർമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സന്ദർശനകാലത്ത‌് അനിൽ അംബാനിയും പാരീസിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കാണ‌് തീരുമാനത്തിന്റെ ഉത്തരവാദിത്തമെന്ന‌് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഡൽഹിയിൽ പ്രഖ്യാപിച്ചു. മാസങ്ങൾക്കുശേഷം ഡൽഹിയിൽ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങളുടെ വില മൂന്നിരട്ടിയായി ഉയർന്നു.

കരാർത്തുകയായ 59,000 കോടി രൂപയുടെ പകുതി ഇന്ത്യയിൽ ദസ്സാൾട്ട‌് പുനർനിക്ഷേപിക്കണമെന്നും വ്യവസ്ഥചെയ‌്തു. ഈ കരാർ ഒപ്പിടുന്നതിന‌് 13  ദിവസം മുമ്പ‌ുമാത്രമാണ‌് അനിൽ അംബാനി  റിലയൻസ‌് ഡിഫൻസ‌്  രൂപീകരിച്ചത‌്. കരാർ ഒപ്പിട്ട‌് 10 ദിവസത്തിനുശേഷം റിലയൻസ‌് ഡിഫൻസും ദസ്സാൾട്ടും ചേർന്ന‌് ദസ്സാൾട്ട‌് റിലയൻസ‌് എയ‌്റോസ‌്പെയ‌്സ‌് എന്ന കമ്പനി സ്ഥാപിച്ചു. ഭൂരിഭാഗം ഓഹരികളും റിലയൻസിനു ലഭിച്ചു. അനിൽ അംബാനി തന്റെ  സ്ഥാപനങ്ങൾ തകർന്ന‌് ലക്ഷം കോടിയോളം രൂപയുടെ കടത്തിൽ നിൽക്കുന്ന സമയത്താണ‌് ഈ കരാർ ലഭിച്ചത‌്. റഫേൽ കരാർവഴി ലഭിച്ച 30,000 കോടി രൂപ അനിൽ അംബാനിയുടെ വ്യവസായശൃംഖലയ‌്ക്ക‌് പുതുജീവൻ പകർന്നു.

റിലയൻസും ദസ്സാൾട്ടും തമ്മിൽ 2012ൽ തന്നെ ചർച്ച നടത്തിയിരുന്നതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ‌്  പറയുന്നു. അതേസമയം, റഫേൽ ഇടപാടിനുള്ള സർക്കാർതല ചർച്ചകളിൽ റിലയൻസ‌് ഇല്ലായിരുന്നു. റഫേൽ ഇടപാട‌് വൈകിക്കാനും എച്ച‌്എഎല്ലിനെ ഒഴിവാക്കാനും അക്കാലത്ത‌് നടത്തിയ കളികൾക്ക‌ു പിന്നിലും റിലയൻസായിരുന്നെന്ന‌് ഇതിൽനിന്ന‌് വ്യക്തമാകുന്നു.
ഇടപാടിനെക്കുറിച്ച‌് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന‌് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളനെന്ന‌് ആക്ഷേപിച്ച കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ  നടപടി ലജ്ജാവഹവും നിരുത്തരവാദപരവുമാണെന്ന‌് അദ്ദേഹം ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top