Top
19
Monday, February 2018
About UsE-Paper

കൊടുംഭീകരന്‍ ഖുറേഷി പിടിയില്‍

Tuesday Jan 23, 2018
വെബ് ഡെസ്‌ക്‌
ഡല്‍ഹിയില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷി

ന്യൂഡല്‍ഹി > കൊടുംഭീകരനും  ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹ സ്ഥാപകനുമായ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷി ഡല്‍ഹിയില്‍ പിടിയിലായി. 'ഇന്ത്യന്‍ ബിന്‍ലാദന്‍' എന്നറിയപ്പെടുന്ന ഇയാളെ പിടികൂടാന്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. 2008ലെ ഗുജറാത്ത് സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനാണ് തൌക്വീര്‍ എന്ന ഖുറേഷിയെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. 2007ല്‍ വാഗമണില്‍ സിമി ക്യാമ്പ് സംഘടിപ്പിച്ചത് ഖുറേഷിയുടെ നേതൃത്വത്തിലാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിരുന്നു.

ഖുറേഷി വ്യാജരേഖ ചമച്ച് നേപ്പാളില്‍ ഒളിവിലായിരുന്നു. ഡല്‍ഹിയിലെ ഘാസിപുരില്‍ പഴയ പരിചയക്കാരനെ കാണാന്‍ എത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ സംയുക്ത നീക്കത്തിലാണ് കുടുങ്ങിയത്. ചെറിയ ഏറ്റുമുട്ടലിനുശേഷമാണ് ഖുറേഷി കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു. തോക്കുകളും ചില രേഖകളും പിടിച്ചെടുത്തു. നിരോധിത സംഘടനകളായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് സ്പെഷ്യല്‍ സെല്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പ്രമോദ് കുഷ്വാഹ പറഞ്ഞു.

അഹമ്മദാബാദിലും സൂറത്തിലുമായി 2008 ജൂലൈ 26ന് 56 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളില്‍ കുറ്റാരോപിതനാണ് ഖുറേഷി. ചോറ്റുപാത്രങ്ങളിലും ബൈക്കിലും ബോംബു ഘടിപ്പിച്ച് 21 സ്ഫോടനമാണ് അന്ന് നടത്തിയത്.  തുടര്‍ന്നാണ് കൊടും കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തി ഖുറേഷിയുടെ തലയ്ക്ക് എന്‍ഐഎ നാലുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. 2014ലെ ബംഗളൂരു സ്ഫോടന പദ്ധതി, 2010ലെ ഡല്‍ഹി സ്ഫോടന പരമ്പര, 2006ലെ മുംബൈ ലോക്കല്‍ ട്രയിന്‍ സ്ഫോടനം എന്നിവയില്‍ കുറ്റാരോപിതനാണ്.

നിരോധിത സംഘടന സിമിയുമായി ബന്ധമുണ്ടായിരുന്ന ഖുറേഷി ബംഗളൂരുവിലും ഹൈദരാബാദിലും ഐടി കമ്പനികളില്‍ ജോലി ചെയ്തിരുന്നു. 1998ല്‍ ഇയാള്‍ സിമിയിലേക്ക് റിക്രൂട്ട്ചെയ്യപ്പെട്ടതായും തുടര്‍ന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ചതായുമാണ് വിവരം. ബോംബ് നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്ന ഇയാളെ 'ടെക്കി ബോംബര്‍' എന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്നത്. യുപിയില്‍നിന്ന് ജോലിക്കായി മുംബൈയില്‍ എത്തിയവരാണ് ഖുറേഷിയുടെ അച്ഛനമ്മമാര്‍.  മുംബൈയില്‍നിന്നാണ് വിദ്യാഭ്യാസം നേടിയത്.