തെരഞ്ഞെടുപ്പുചെലവ് : പണമൊഴുക്ക് നിയന്ത്രിക്കണം: യെച്ചൂരി

ന്യൂഡല്‍ഹി > സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവില്‍ മാത്രമല്ല രാഷ്ട്രീയ പാര്‍ടികളുടെ തെരഞ്ഞെടുപ്പു ചെലവില്‍ കൂടി നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ചെലവിന് നിയന്ത്രണമില്ലാത്തതിനാല്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ വലിയ രീതിയില്‍ പണമൊഴുക്കുകയാണ്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലൂടെ പണസ്വാധീനം കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, ഗോവയിലും മണിപ്പുരിലും പണസ്വാധീനം ഉപയോഗപ്പെടുത്തിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
ധനമന്ത്രി ബജറ്റില്‍ കൊണ്ടുവന്ന ഇലക്ട്രല്‍ ബോണ്ട് ഗുണം ചെയ്യില്ല. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ബോണ്ടിലൂടെ പണം ലഭിക്കുമ്പോള്‍ അത് ആരില്‍നിന്ന് ഏതുവഴിക്കു വന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാനാകില്ല. എന്നാല്‍, ഭരണകക്ഷിക്ക് കൃത്യമായ വിവരങ്ങളുണ്ടാകും. അത് അവര്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണ്. രാഷ്ട്രീയ പാര്‍ടികള്‍ കോര്‍പറേറ്റുകളില്‍നിന്ന് ഫണ്ട് സ്വീകരിക്കുന്നത് പൂര്‍ണമായും വിലക്കണം. കോര്‍പറേറ്റുകള്‍ ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പു കമീഷനോ അതല്ലെങ്കില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സിക്കോ പണം നല്‍കട്ടെ. ഈ നിധിയില്‍നിന്ന് സര്‍ക്കാര്‍ തന്നെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പണം വിതരണംചെയ്യുന്ന രീതിയിലേക്ക് മാറാനാകും.
വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി തന്നെ പരാതി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി ഉള്‍പ്പെടെ വോട്ടിങ് യന്ത്രങ്ങള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചു. വോട്ട് ചെയ്യുമ്പോള്‍ രസീത് കൂടി നല്‍കുന്ന സംവിധാനം കൊണ്ടുവരാന്‍ എസ് വൈ ഖുറേഷി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 10 ശതമാനം വോട്ടിങ് യന്ത്രങ്ങളില്‍ മാത്രമേ നിലവില്‍ ഈ സംവിധാനമുള്ളൂ. മാത്രമല്ല ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ പ്രക്രിയ്ക്കുള്ള ഫണ്ടിങ് നിര്‍ത്തുകയും ചെയ്തു. ഇത് ദുരൂഹമാണ്- യെച്ചൂരി പറഞ്ഞു.










0 comments