20 November Tuesday

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഗുജറാത്തിൽ ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകർ കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

അഹമ്മദാബാദ്
മോഡി സര്‍ക്കാര്‍ ജപ്പാന്റെ സഹായത്തോടെ നടപ്പാക്കുന്ന മുംബൈ‐ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ കർഷക കൂട്ടായ‌്മ ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. 1000 കർഷകരാണ‌് ഭൂമി ഏറ്റെടുക്കലിനെ എതിർത്ത‌് സത്യവാങ‌്മൂലം സമർപ്പിച്ചിരിക്കുന്നത‌്.

ഭൂരിഭാഗം കർഷകരും പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ സമ്മതിച്ചെന്ന‌് ഗുജറാത്ത‌് സർക്കാർ പറഞ്ഞിരുന്നു. സർക്കാരിന്റെ അവകാശവാദം വ്യാജമാണെന്ന‌് കർഷകർ സത്യവാങ‌്മൂലത്തിൽ പറയുന്നു. തങ്ങളുടെ സമ്മതം വാങ്ങുകയോ ആലോചിക്കുകയോ ചെയ്യാതെയാണ് ഭൂമി ഏറ്റെടുക്കുന്നത്. പുനഃരധിവാസത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. കർഷകർക്കായി ഹാജരായ അഡ്വ. ആനന്ദ‌് യാഗ്നിക‌് സർക്കാരിനോട‌് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ശരിയായ വിവരം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

ഗുജറാത്ത‌്, മഹാരാഷ്ട്ര, ദാദ്ര, നാഗർഹവേലി എന്നിവിടങ്ങളിലൂടെ  508 കിലോമീറ്റര്‍ നീളമുള്ള പാതയിലെ 382 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയാണ‌്. ഗുജറാത്തിൽമാത്രം ഇതിനായി 700 ഹെക്ടർ കൃഷിസ്ഥലമാണ‌് ഏറ്റെടുക്കുന്നത‌്. 1.10 ലക്ഷം കോടിരൂപയാണ‌് പദ്ധതിച്ചെലവ‌്. 2013 ഭൂമി ഏറ്റെടുക്കൽ നിയമത്തെ ദുർബലപ്പെടുത്തിയാണ‌് ഗുജറാത്ത‌് സർക്കാർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതെന്ന‌് കർഷകർ ആരോപിക്കുന്നു. കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ കരാർ പ്രകാരം 2016ലാണ‌് ജപ്പാൻ പദ്ധതിയുടെ ഭാഗമായത‌്. 88,000 കോടി രൂപയാണ‌് ജപ്പാൻ പദ്ധതിക്കായി വായ‌്പ നൽകുന്നത‌്.

ജപ്പാനുമായി കരാറുണ്ടാക്കി നടത്തുന്ന പദ്ധതിയിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച‌് എല്ലാ സംസ്ഥാനത്തും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പ്രകാരംമാത്രം ഭൂമി ഏറ്റെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കർഷകർ പറഞ്ഞു. കര്‍ഷകരുടെ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം വിശദീകരണം ഇനിയും വൈകിപ്പിച്ചാൽ പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും  ആനന്ദ് യാഗ്നിക് പറഞ്ഞു.


പ്രധാന വാർത്തകൾ
Top